കോട്ടയം : തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥികൾ കളംനിറഞ്ഞതോടെ ആര് വാഴും ആര് വീഴും എന്ന് മുൻകൂട്ടി പ്രവചിക്കാനാവാത്ത സ്ഥിതിയായി. വരും ദിവസങ്ങളിൽ വേനൽച്ചൂടിനെക്കാൾ കഠിനമാകും തിരഞ്ഞെടുപ്പ് ചൂട്. ജില്ലയിലെ എല്ലാ മണ്ഡലത്തിലും ശക്തമായ മത്സരമാണ് നടക്കുന്നത്. ഭരണനേട്ടങ്ങൾ എണ്ണി പറഞ്ഞാണ് എൽ.ഡി.എഫ് രംഗത്തിറങ്ങിയിരിക്കുന്നത്. സർക്കാരിന്റെ വീഴ്ചകൾ പറഞ്ഞ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ നിലനിറുത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കേന്ദ്ര സർക്കാരിന്റെ വികസനനയങ്ങൾക്കൊപ്പം വിശ്വാസികളുടെ പ്രശ്‌നങ്ങളും ബി.ജെ.പി തിരഞ്ഞെടുപ്പ് വിഷയമാക്കുന്നുണ്ട്. വരുംദിവസങ്ങളിൽ അഖിലേന്ത്യാ നേതാക്കളെ ഇറക്കി പ്രചാരണം കൂടുതൽ സജീവമാക്കാനാണ് മുന്നണികളുടെ തീരുമാനം.