
കോട്ടയം: ലതിക സുഭാഷ് നടപ്പാക്കിയത് സി.പി.എമ്മിന്റെ ഗൂഢാലോചനയായിരുന്നെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചരിത്രമുറങ്ങുന്ന ഇന്ദിരാഭവന് മുന്നിൽ തല മുണ്ഡനം ചെയ്‌ത ലതിക മാപ്പർഹിക്കുന്നില്ല. കോൺഗ്രസിന്റെ എക്കാലത്തെയും മികച്ച സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്ന അന്ന് അതിന്റെ ശോഭ കെടുത്താൻ സി.പി.എമ്മിനൊപ്പം ചേർന്ന് ലതിക നടത്തിയ പ്രതിഷേധം ജനാധിപത്യ, മതേതര മൂല്യങ്ങളെയാണ് ചോദ്യം ചെയ്‌തത്. അവർ എല്ലാ പദവികളിലും എത്തിയത് കോൺഗ്രസ് പാർട്ടിയുള്ളതിനാലാണ്. മൂന്നു തവണ ജില്ലാ പഞ്ചായത്തംഗമാക്കി. ഒരു തവണ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയാക്കി. കെ.പി.സി.സി സെക്രട്ടറിയും ജനറൽ സെക്രട്ടറിയുമാക്കി. ഒരു തവണ ലതികയ്ക്കും ഭർത്താവിനും നിയമസഭാ സീറ്റ് നൽകി. മഹിള കോൺഗ്രസ് അദ്ധ്യക്ഷയാക്കി. ഈ അവസരങ്ങളൊന്നും ലഭിക്കാത്ത നിരവധി പ്രവർത്തകർ പാർട്ടിയിലുണ്ട്. ഏറ്റുമാനൂരിൽ മാത്രമേ മത്സരിക്കൂ എന്ന ലതികയുടെ വാശി മൂലമാണ് സീറ്റ് ലഭിക്കാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.