കട്ടപ്പന: സ്ഥാനാർത്ഥികളുടെ തത്സമയ പോസ്റ്ററുകൾ, 'മാസ്' പശ്ചാത്തല സംഗീതത്തിൽ വീഡിയോകൾ, എല്ലാം അപ്പപ്പോൾ തന്നെ വോട്ടർമാരിലെത്തിച്ച് തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാൻ 'പരസ്യ ഏജൻസികൾ രംഗത്ത് . തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 'ഇൻസ്റ്റന്റ് പോസ്റ്ററുകൾ' അടക്കം പതിന്മടങ്ങ് നിലവാരത്തിലുള്ള പ്രചരണ തന്ത്രങ്ങൾ പുറത്തിറക്കി നിയമസഭ തിരഞ്ഞെടുപ്പും 'ഡിജിറ്റൽ യുദ്ധ'മാക്കി മാറ്റിക്കഴിഞ്ഞു. പരസ്യ ഏജൻസികളുടെ ഒരു സംഘം സർവ സന്നാഹങ്ങളുമായി സ്ഥാനാർത്ഥിക്കൊപ്പം എപ്പോഴുമുണ്ട്. വോട്ടഭ്യർത്ഥനക്കിടയിലെ വ്യത്യസ്തങ്ങളായ കാഴ്ചകൾ അപ്പോൾ തന്നെ ഫ്രെയിമിലാക്കി മിനിറ്റുകൾക്കുള്ളിൽ ഡിസൈൻ ചെയ്ത് പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിലെത്തുന്നു. ഒപ്പം സ്ഥാനാർത്ഥികളുടെ നടത്തവും വോട്ടർമാരെ സമീപിക്കുന്നതുമെല്ലാം ചിത്രീകരിച്ച് മാസ് സിനിമകളുടെ പശ്ചാത്തല സംഗീതവും അതാത് രാഷ്ട്രീയ പാർട്ടികളുടെ ഗാനങ്ങളുമെല്ലാം ചേർത്ത് എഡിറ്റ് ചെയ്ത് അതിവേഗത്തിൽ എത്തിക്കുന്നു. സ്വീകരണങ്ങളുടെയും യോഗങ്ങളുടെയും വിവരണങ്ങളും ചിത്രങ്ങളുമെല്ലാം മിനിറ്റുകൾക്കുള്ളിൽ വിരൽത്തുമ്പിലാണ്. സിനിമ പോസ്റ്ററുകളെ വെല്ലുന്ന തരത്തിലാണ് ക്രിയേറ്റീവ് ഡിസൈനുകളിൽ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പ്രചരിക്കുന്നത്. കൂടാതെ പ്രചരണം സ്ഥാനാർത്ഥികളുടെ ഫേസ്ബുക്ക് ഔദ്യോഗിക പേജിലും അതാത് പാർട്ടികളുടെ പ്രാദേശിക പേജുകളിലുമടക്കം തത്സമയം കാണാം. പ്രചരണത്തിനിടെ വീണുകിട്ടുന്ന രസകരമായ സംഭവങ്ങൾ 'വൈറലാ'ക്കുന്ന തരത്തിലാണ് ഏജൻസികളുടെ പ്രവർത്തനം. കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയവയിൽ നിരവധി ഗ്രൂപ്പുകളും കൂട്ടായ്മകളുമുണ്ട്. ഇതിനായി വാർഡ് തലങ്ങളിൽ വരെ സോഷ്യൽ മീഡിയ കോഓർഡിനേറ്റർമാരെ നിയമിച്ചിട്ടുണ്ട്. ഓരോ ദിവസത്തെ പ്രചരണത്തിന് ശേഷം അന്നത്തെ സോഷ്യൽ മീഡിയ അവലോകനവും വിലയിരുത്തലുകളും നടക്കും. കൂടുതൽ സ്വീകാര്യത ലഭിച്ചവയും ലൈക്കുകളും ഷെയറുകളും കണക്കുകൂട്ടി വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണവുമെല്ലാം വിലയിരുത്തിയാണ് അടുത്ത ദിവസത്തെ പ്രചരണത്തിനായി മുന്നൊരുക്കങ്ങൾ നടത്തുന്നത്. ഇത്തവണ ജനശ്രദ്ധയാർഷിക്കുന്നവയിൽ ഏറെയും ഇൻസ്റ്റന്റ് പോസ്റ്ററുകളും സ്റ്റാറ്റസ് വീഡിയോകളുമാണ്. ഒരു സ്ഥലത്തെ പര്യടനം അവസാനിക്കുന്നതിന് മുമ്പുതന്നെ അവിടുത്തെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകളും വീഡിയോകളുമെല്ലാം നവമാദ്ധ്യമങ്ങളിൽ എത്തിയിരിക്കും. കൂടാതെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുൻനിറുത്തിയുള്ള കാർട്ടൂണുകളും ട്രോളുകളും എത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാർത്ഥികളുടെ ജനകീയ മുഖം ഉയർത്തിക്കാട്ടിയുള്ള ട്രോളുകളാണ് ഏറെയും.