omen-chandy

പി.ജെ. ജോസഫ് ചെയർമാൻ,​ പി.സി. തോമസ് ഡെപ്യൂട്ടി ചെയർമാൻ

സൈക്കിൾ ചിഹ്നത്തിന് അപേക്ഷിക്കും

കോട്ടയം:പേരും ചിഹ്നവും നഷ്ടമായ ജോസഫ് വിഭാഗം ബ്രായ്‌ക്കറ്റില്ലാത്ത കേരളകോൺഗ്രസ് തോമസ് വിഭാഗത്തിൽ ലയിച്ചതോടെ പാർട്ടിയുടെ പേര് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാം. ഇന്നലെ മോൻസ് ജോസഫിന്റെ കൺവെൻഷനിൽ പി.സി.തോമസ് ലയന പ്രഖ്യാപനം നടത്തി.

തോമസ് വിഭാഗത്തിന്റെ പഴയ സൈക്കിൾ ചിഹ്നത്തിന് അപേക്ഷിക്കും. അനുവദിച്ചാൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ഒരേ ചിഹ്നം ലഭിക്കും.

ജോസ് വിഭാഗത്തിന് പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് സുപ്രീംകോടതിയും ശരിവച്ചതോടെയാണ് പേരും ചിഹ്നവും ജോസഫിന് നഷ്ടമായത്. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടി രജിസ്റ്റർ ചെയ്യാൻ സാവകാശം ഇല്ലാത്തതിനാലാണ് പി.സി. തോമസിൽ ലയിച്ചത്.

പാലാ സീറ്റ് നൽകാത്തതിൽ അസംതൃപ്തനായ പി.സി. തോമസുമായി ജോസഫിന്റെ നിർദ്ദേശപ്രകാരം മോൻസ് ജോസഫ് ചൊവ്വാഴ്ച നടത്തിയ ചർച്ചയിലാണ് ലയനം തീരുമാനിച്ചത്.

ചെയർമാൻ സ്ഥാനമോ വർക്കിംഗ് ചെയർമാൻ സ്ഥാനമോ പി.സി. തോമസ് ആവശ്യപ്പെട്ടെങ്കിലും പി.ജെ.ജോസഫ് ചെയർമാനും പി.സി. തോമസ് ഡെപ്യൂട്ടി ചെയർമാനുമെന്ന നിബന്ധന അംഗീകരിച്ചു.. മോൻസ് ജോസഫാണ് വൈസ് ചെയർമാൻ.

ലോക് സഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച്‌ മാണി ഗ്രൂപ്പ് വിട്ട തോമസ് 2004ൽ മൂവാറ്റുപുഴയിൽ ഇരുമുന്നണികളെയും അട്ടിമറിച്ചാണ് എൻ.ഡി.എയുടെ കേരളത്തിലെ ആദ്യ എം.പിയും കേന്ദ്ര സഹമന്ത്രിയുമായത്. പിന്നീട് ജോസഫിനൊപ്പമായെങ്കിലും അതും വിട്ട് എൻ.ഡി.എ ഘടക കക്ഷിയായി.

പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസിന് ഇനി ബ്രായ്ക്കറ്റുണ്ടാവില്ല.

തോമസിന്റെ വരവോടെ യഥാർത്ഥ കേരള കോൺഗ്രസ് ആയി.

സൈക്കിൾ ചിഹ്നം കിട്ടിയില്ലെങ്കിൽ മറ്റൊരു ചിഹ്നത്തിന് അപേക്ഷിക്കും.

--മോൻസ് ജോസഫ്, എം.എൽ.എ