
കോട്ടയം: വികസന രാഷ്ട്രീയ പരിവേഷവുമായി തിരുവഞ്ചൂർ, തരിശുനിലങ്ങളെ കൃഷിയോഗ്യമാക്കിയും പുതിയ നീർച്ചാലുകൾ സൃഷ്ടിച്ചും രാഷ്ട്രീയത്തിൽ പുതിയ മുഖമായി അഡ്വ. കെ.അനിൽകുമാർ. ഇരുവരും ഏററുമുട്ടുന്ന കോട്ടയം മണ്ഡലത്തിൽ ബി.ജെ.പിയുടെ മിനർവ മോഹനും അണിനിരന്നതോടെ പോരാട്ട ചൂടേറി.
പുതുപ്പള്ളി പോലെ ഷുവർ സീറ്റായി കോൺഗ്രസ് കണക്ക് കൂട്ടുന്ന മണ്ഡലമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹാട്രിക് ജയം പ്രതീക്ഷിക്കുന്ന കോട്ടയം . 2016ൽ 33632 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു തിരുവഞ്ചൂരിന്. സുരേഷ് കുറുപ്പിനെ പോലെ എല്ലാ വിഭാഗക്കാരും ബഹുമാനിക്കുന്ന സൗമ്യനായ അനിൽകുമാർ എതിരാളിയായതോടെ പഴയ ഭൂരിപക്ഷത്തിന് പ്രസക്തിയില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോട്ടയം മാറിയെന്നുമാണ് സി.പി.എം വിലയിരുത്തൽ. ആകാശപാത, കെ.എസ്.ആർ.ടി.സി കോംപ്ലക്സ് , കോടിമത പാലം , കച്ചേരിക്കടവ് ജെട്ടി തുടങ്ങി പല വികസന പദ്ധതികളും പൂർത്തികരിക്കാൻ കഴിയാത്തത് തിരുവഞ്ചൂരിന്റെ കഴിവുകേടായി സി.പി.എം പ്രചരിപ്പിക്കുമ്പാേൾ വികസനത്തിൽ രാഷ്ട്രീയം കലർത്തി പണം അനുവദിക്കാതെ കോട്ടയം മണ്ഡലത്തെ അവഗണിക്കാൻ സംഘടിത നീക്കമുണ്ടായെന്ന എതിർ പ്രചാരണമാണ് തിരുവഞ്ചൂർ നടത്തുന്നത്. വികസന രാഷ്ട്രീയമാണ് പ്രധാന ചർച്ചാ വിഷയം.
തിരുവഞ്ചൂർ
അടൂരിൽനിന്നുൾപ്പെടെ ആറു തവണ എം.എൽ.എയും നിരവധി വകുപ്പുകൾ വിജയകരമായി കൈകാര്യം ചെയ്ത മന്ത്രിയുമായിരുന്ന തിരുവഞ്ചൂർ കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. മന്ത്രിയായിരിക്കെ ചെയ്ത വികസന പ്രവർത്തനങ്ങളാണ് മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്. അഞ്ചു വർഷം ഇടതുസർക്കാർ കോട്ടയത്തെ അവഗണിച്ചുവെന്നതും പ്രചാരണവിഷയമായി തിരുവഞ്ചൂർ ഉയർത്തുന്നു.
അഡ്വ. അനിൽ കുമാർ
എസ്. എഫ്. ഐ ജില്ലാ പ്രസിഡന്റും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. അനിൽ കുമാർ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമാണ് . മീനച്ചിലാർ- മീനന്തലയാർ -കൊടുരാർ നദീ സംയോജന പദ്ധതിയിലൂടെ നീർച്ചാലുകൾ തുറന്നും കോട്ടയത്ത് തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കി നെൽ ഉത്പാദനം വർദ്ധിപ്പിച്ചും നടത്തിയ നിശബ്ദ വിപ്ലവത്തിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയനായി. നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ചാനലുകളിൽ സി.പി.എമ്മിന്റെ സൗമ്യമുഖമാണ്.
മിനർവ മോഹൻ
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം പ്രസിഡന്റ് ആയ മിനർവ മോഹൻ സി.പി.എം പ്രതിനിധിയായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വിജയയാത്ര കോട്ടയത്തെത്തിയപ്പോൾ കേന്ദ്രമന്ത്രി സ്മൂതി ഇറാനിയിൽ നിന്നാണ് ബി.ജെ.പി അംഗത്വമെടുത്തത്. 2000ൽ ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് ലഭിച്ചു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. പൂഞ്ഞാർ എൻജിനിയംറിഗ് കോളേജ് ലെയ്സൺ ഓഫീസറും ഈരാററുപേട്ട ഗൈഡൻസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായിരുന്നു. പനച്ചിക്കാട്ടും കോട്ടയത്തുമുള്ള ബി.ജെ.പി സംഘടനാ സംവിധാനവും എസ്.എൻ.ഡി.പി വനിതാസംഘടനാ ബന്ധവും സഹായിക്കുമെന്ന പ്രതീക്ഷയാണ് മിനർവയ്ക്ക്.
മണ്ഡലചിത്രം
കോട്ടയം നഗരസഭയും വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലമാണ് കോട്ടയം. യു.ഡി.എഫ് വൻ ഭൂരിപക്ഷം നേടിയിരുന്നിടത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഒപ്പമെത്താൻ കഴിഞ്ഞുവെന്നതാണ് ഇടതു മുന്നണി നേട്ടമായി കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പല്ല നിയമസഭാ തിരഞ്ഞെടുപ്പെന്നാണ് ഇതിന് യു.ഡി.എഫിന്റെ മറുപടി.
2016ലെ ഫലം
തിരുവഞ്ചൂർ രാധാകൃഷ്ണൻ : യു..ഡി..എഫ്: 73894
റെജി സഖറിയ: എൽ..ഡി..എഫ് : 40262
എം.എസ്.കരുണാകരൻ :എൻ..ഡി..എ : 12582
ഭൂരിപക്ഷം - 33632