
കോട്ടയം: ജില്ലയിലെ ഒൻപത് സീറ്റിലും ഇടതുമുന്നണി ജയിക്കുമെന്ന കാര്യത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസലിനു സംശയമില്ല. മൂന്നു സീറ്റിലെങ്കിലും താമര വിരിയുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ. നോബിൾ മാത്യുവിനും ഉറച്ചവിശ്വാസം. വൈക്കം കൂടി കൈയ്ക്കലാക്കി കോട്ട ഒന്നു കൂടി ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്. പ്രസ്ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു മൂന്നു പേരും.
കേരള കോൺഗ്രസ് ജോസ് വിഭാഗം അഞ്ചു സീറ്റിൽ മത്സരിക്കുന്ന ജില്ലയിൽ സമ്പൂർണ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു എ.വി റസലിന്റെ കമൻ്റ്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഭൂരിഭാഗം നിയോജക മണ്ഡലങ്ങളിലും പത്തിൽ താഴെ സീറ്റ് മാത്രം നേടിയ ജോസ് വിഭാഗത്തെ കൂടെ കൂട്ടിയത് സി.പി.എമ്മിനു തന്നെ പാരയാകുമെന്നായി ജോഷി ഫിലിപ്പിന്റെ മറുപടി. കണക്കുകൾ എണ്ണിപ്പറഞ്ഞ് ഡി.സി.സി പ്രസിഡൻ്റ് വാദിച്ചതോടെ, ചങ്ങനാശേരിക്കാരനായ റസലിനു പറയാനുണ്ടായിരുന്നത് ചങ്ങനാശേരിയിലെയും കുറിച്ചിയിലെയും കണക്കുകളാണ്. 'കുറിച്ചിയിൽ കേരള കോൺഗ്രസിനേക്കാൾ താഴെയാണ് ജോഷി, കോൺഗ്രസിന്റെ സ്ഥാനം' എന്നു തിരിച്ചടിച്ച റസൽ, അതുകൊണ്ട് ജില്ലയിൽ കോൺഗ്രസിനേക്കാൾ വലിയ പാർട്ടി കേരള കോൺഗ്രസാണെന്ന് പറയാനാവുമോ എന്ന ചോദ്യമുയർത്തി.
രണ്ടു മുന്നണികളെയും തറപറ്റിച്ച്, ബി.ജെ.പി ജില്ലയിൽ മൂന്നിടത്ത് താമര വിരിയിക്കുമെന്നായിരുന്നു അഡ്വ. നോബിൾ മാത്യുവിന്റെ അവകാശവാദം. കേരളത്തിൽ ഒരിടത്ത് പോലും താമര വിരിയില്ലെന്ന് മാത്രമല്ല, കൈയിലിരിക്കുന്ന നേമം പോലും കൈവിട്ടു പോകുമെന്നായിരുന്നു റസലിന്റെ മറുപടി. നമ്മളൊക്കെ ഇവിടെ കാണുമല്ലോ റസലേ.... തിരഞ്ഞെടുപ്പ് കഴിഞ്ഞു കാണാമെന്നു തിരിച്ചടിച്ച നോബിൾ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുൻപ് താൻ പറഞ്ഞത് സംഭവിച്ചെന്നും ജില്ലയിൽ മൂന്നു പഞ്ചായത്തിൽ ബി.ജെ.പി ഭരണം നടത്തുന്നുണ്ടെന്നും ഒാർമ്മിപ്പിച്ചു.
പ്രസ്ക്ലബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ സംവാദത്തിൽ മോഡറേറ്ററായിരുന്നു.