pulikkalkavala

വാഴൂർ : ദേശീയപാതയിൽ കിഴക്കൻമേഖലയിലെ പ്രധാന ജംഗ്ഷനായ വാഴൂർ പുളിക്കൽ കവലയിൽ അധികൃതരുടെ അനാസ്ഥമൂലം വികസനം വഴിമുട്ടുന്നു. വാഴൂർ - ചങ്ങനാശേരി റോഡ് ദേശീയപാതയുമായി ചേരുന്ന ജംഗ്ഷനാണിത്. ഗതാഗതത്തിന് യാതൊരു നിയന്ത്രണവുമില്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്. ഇരുപാതകളിലൂടെയുമെത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ ദിശതിരിയുന്നത് ഇവിടെ നിന്നാണ്.

ജംഗ്ഷനിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഗതാഗത നിയന്ത്രണത്തിന് പൊലീസുമില്ല. എന്തിന് യാത്രക്കാർക്ക് കയറിനിൽക്കാൻ ഒരു ബസ്‌കാത്തിരിപ്പുകേന്ദ്രം പോലുമില്ല. പൊരിവെയിലായാലും പെരുമഴയായാലും ദുരിതം ഏറ്റുവാങ്ങാനാണ് യാത്രക്കാരുടെ വിധി. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി കംഫർട്ട്‌സ്റ്റേഷൻ എന്നത് നാട്ടുകാരുടെ കാലങ്ങളായുള്ളആവശ്യമാണ്. കോട്ടയംഭാഗത്തുനിന്നുള്ള വാഹനങ്ങൾ രണ്ട് എസ് വളവുകളും വലിയ ഇറക്കവും കഴിഞ്ഞാണ് പുളിക്കൽകവല ജംഗ്ഷനിലേക്കെത്തുന്നത്.മത്സരിച്ചെത്തുന്ന സർവീസ് ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത് വളവിന് തൊട്ടുചേർന്നാണ്. ഇതാണ് അപകടങ്ങൾിക്കിടയാക്കുന്നത്. ബസ് സ്റ്റോപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.

വഴിവിളക്കുകളും കണ്ണടച്ചു
വൈദ്യുതിവിളക്കുകൾ തെളിയാത്തതിനാൽ രാത്രിയായാൽ പരിസരത്തുള്ള കടകളിൽനിന്നുള്ള വെളിച്ചംമാത്രമാണ് ഏകആശ്വാസം. കടകളടച്ചാൽ പിന്നെ കൂരിരുട്ടാണ്. അലങ്കാരത്തിന് ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് തെളിയാതായിട്ട് മാസങ്ങളായി.പ്രധാന പാതകളിൽപോലും ആവശ്യത്തിന് ഓടകളില്ലാത്തതാണ് മറ്റൊരു ദുരിതം. മഴപെയ്താൽ മാലിന്യമടക്കം റോഡ്‌ നിറഞ്ഞാണ് ഒഴുകുന്നത്.


''പുളിക്കൽകവലയിലെ വികസനമുരടിപ്പ് ഒരു സത്യമാണ്. ഇക്കാര്യം ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. ചില പദ്ധതികളൊക്കെ പഞ്ചായത്തിന്റെ പരിഗണനയിലാണ്. വാർഡ് മെമ്പറടക്കമുള്ള ജനപ്രതിനിധികളുമായി ആലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കും.
സിന്ധുചന്ദ്രൻ, വൈസ് പ്രസിഡന്റ് വാഴൂർ ഗ്രാമപഞ്ചായത്ത്

കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി പഞ്ചായത്ത്ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് ഉചിതമായ സ്ഥലം കണ്ടെത്തി പണി ആരംഭിക്കും.ബസ് സ്റ്റോപ്പ് മാറ്റി വെയിറ്റിംഗ്‌ഷെഡ് നിർമ്മിക്കുന്നതിന് ശ്രമിക്കും.
ജിബി പൊടിപാറ,ഗ്രാമപഞ്ചായത്ത് അംഗം

സമീപപട്ടണങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശമാണ് പുളിക്കൽകവല. ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ജനപ്രതിനിധികൾ തയ്യാറാകണം.
അജുമോഹൻ,പച്ചനാക്കുഴിയിൽ യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി