mida

കോട്ടയം: എന്നെ പരിചയപ്പെടുത്താം പേര് മൈദ. കേൾക്കുമ്പോൾ അത്ര ഇഷ്ടമല്ലെങ്കിലും അടിച്ചു പരത്തി എണ്ണ ചേർത്ത് ചുട്ടെടുത്ത് ബീഫും കൂട്ടി തട്ടുമ്പോൾ ഈ അയിത്തമൊന്നും കാണാറില്ല. എന്നെ ഏഴയലത്ത് അടുപ്പിക്കരുതെന്ന് ഡോക്ടർമാർ പറയുമെങ്കിലും ഒരുകാര്യം മനസിലാക്കണം. ഞാനും ഗോതമ്പ് തറവാട്ടിൽപ്പെട്ടവൾ തന്നെയാണ്.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളയാളല്ലേ ഞാൻ. അതുകൊണ്ട് കുറച്ചു വിശേഷങ്ങൾ പറഞ്ഞേച്ചും പോയേക്കാമെന്ന് കരുതി. എനിക്കൊരു പ്രേമമുണ്ട്. പയ്യന്റെ പേര് പോസ്റ്റർ. പ്രേമമെന്ന് പറഞ്ഞാൽ കട്ട പ്രേമം. പറിച്ചെറിഞ്ഞാലും ഞാൻ പറ്റിച്ചേർന്നിരിക്കും. ഒറ്റമനസും ശരീരവുമായി ഞങ്ങൾ ഒട്ടി നിൽക്കാൻ തുടങ്ങിയിട്ട് എത്രകാലമായെന്ന് ചുവരുകൾക്ക് പോലും ഓർമകാണില്ല. ഒരു പക്ഷേ, ഞാൻ പോസ്റ്ററിനെ സ്‌നേഹിച്ചിടത്തോളം ഒരു കാഞ്ചനയും മൊയ്തീനെ സ്‌നേഹിച്ചിട്ടുണ്ടാവില്ല!
ഞങ്ങൾ സ്‌നേഹിച്ച് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അന്നും ഇന്നും അവനൊരു മണമുണ്ട്. പ്രസിൽ നിന്ന് എന്റെ അടുത്തുവരുമ്പോൾ കണ്ണുകളടച്ച് ആ മണം ഞാനാസ്വദിക്കും. പണ്ട് അവന് ഇരുനിറമായിരുന്നു. എന്റെ തൂവെള്ള കണ്ട് ചിലപ്പോൾ സ്‌നേഹക്കുശുമ്പും കുത്തിയിരുന്നു. കാലം മാറിയപ്പോൾ അവൻ വലിയ പുള്ളിയായി. കറുപ്പും വെളുപ്പും മാറി കളർഫുള്ളായി. കെട്ടിലും മട്ടിലും അടിമുടി മാറി. മഴയും വെയിലും കൊണ്ടാലും അങ്ങനെയൊന്നും ഉടലോടെ പോകാതിരിക്കാൻ പ്ലാസ്റ്റിക് വരെ പുതച്ചു. ജീവിതത്തിലെ എല്ലാ ഉയർച്ചയിലും അവനെന്നെ കൂടെനിറുത്തി. ഇക്കണ്ട താരങ്ങളെയൊക്കെ സൃഷ്ടിച്ചു. ചിലരെ വാഴിക്കാനും വീഴിക്കാനും അവനെ ഉപയോഗിച്ചു. പക്ഷേ, കാര്യംകഴിയുമ്പോൾ നന്ദിപോലും പറയാതെ വലിച്ചുകീറുമെങ്കിലും ഈ നിമിഷംവരെ പരിഭവം പറഞ്ഞിട്ടില്ല.

ഞാൻ ഒരിക്കൽ അവനോട് ചോദിച്ചു. ഇത്ര മോഡേണായിട്ടും പഴഞ്ചനായ എന്നെ എന്താ നീ ഉപേക്ഷിക്കാത്തതെന്ന്. അതിനവൻ പറയുവാ എത്ര വിലകൂടിയ മോഡേൺ പശപ്പെണ്ണ് വന്നാലും നിന്റെ ഉറപ്പും സ്‌നേഹോം കാണുമോന്ന്. മറുപടി കേട്ടപ്പോൾ കണ്ണുനിറഞ്ഞു. പാക്കറ്റ് പൊട്ടിച്ച് ഏതേലും പാത്രത്തിലേയ്ക്ക് തലകുത്തിവീണ് വെള്ളമടിച്ച് കുഴഞ്ഞ് അവന്റെ പിന്നിലേയ്ക്ക് ചെറുതണുപ്പോടെ അലിഞ്ഞ് ചുവരിലേയ്ക്ക് ചേർന്ന് നിൽക്കുമ്പോഴുള്ള ഫീലുണ്ടല്ലോ, എന്റെ സാറേ..!