പാലാ : ഈ വഴിയിലെ കൂട്ടക്കുരുതി ഒന്നൊഴിവാക്കാൻ എന്തെങ്കിലും ഒന്നും ചെയ്യാമോ...അധികൃതരോടുള്ള നാട്ടുകാരുടെ അഭ്യർത്ഥനയാണിത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ചെറുതും വലുതുമായ 6 അപകടങ്ങളാണ് മാനത്തൂർ, പിഴക്, കുറിഞ്ഞി മേഖലകളിലുണ്ടായത്. ഒരു സ്ത്രീയ്ക്ക് ജീവൻ നഷ്ടപ്പെട്ടു. മാനത്തൂരിൽ റോഡ് കുറുകെ കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് കരിങ്കുന്നം സ്വദേശിനിയായ മേഴ്‌സിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. രണ്ടു ദിവസം മുമ്പ് മേഴ്‌സി കാറിടിച്ച് മരിച്ച അതേ സ്ഥലത്ത് രണ്ടു കാറുകൾ കൂട്ടിയിടിച്ചിരുന്നു. ഇതിന് തൊട്ടുതലേന്ന് പിഴക് പാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ തൊടുപുഴ - പാലാ റൂട്ടിൽ കുറഞ്ഞിയ്ക്കും പിഴകിനും ഇടയിൽ നാല്പതോളം അപകടങ്ങളാണ് ഉണ്ടായത്. എട്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നാല്പതോളം പേർക്ക് പരിക്കേറ്റു.

റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണവും വാഹനങ്ങളുടെ അമിതവേഗതയും പിഴക് പാലത്തിന്റെ നിർമ്മാണപ്പിഴവുമാണ് അപകടങ്ങൾ പെരുകുന്നതിന് കാരണം. വിദഗ്ദ്ധസമിതികൾ അപകടങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അപകടമേഖലയിൽ വാഹനപരിശോധനയും കാര്യക്ഷമമല്ല.

സന്ധ്യമയങ്ങിയാൽ ഇരുട്ട്

സന്ധ്യമയങ്ങുന്നതോടെ അപകടമേഖല പൂർണ്ണമായും ഇരുട്ടിലാകുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. സോളാർലൈറ്റുകൾ ഒന്നും തെളിയുന്നില്ല. പട്രോളിംഗിനെത്തുന്ന പൊലീസ് സംഘം മിക്കപ്പോഴും ടോർച്ച് വെട്ടത്തിലാണ് പരിശോധന നടത്തുന്നത്.

സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കും

തൊടുപുഴ റൂട്ടിൽ സ്ഥിരം അപകടമേഖലയായ പിഴക് മുതൽ കുറിഞ്ഞി വരെയുള്ള ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുമെന്ന് രാമപുരം എസ്.ഐ ഡിനി പറഞ്ഞു. വഴിവിളക്കുകളുടം പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്ഥാപന അധികാരികൾക്ക് ഉടൻ കത്ത് നൽകുമെന്നും അവർ പറഞ്ഞു.