election

കോട്ടയം: ഇന്ന് മുതൽ കൃത്യം 20 ദിവസം ജനാധികാരം ജനാധിപത്യത്തിന്റെ കാവൽക്കാരെ തിരഞ്ഞെടുക്കും. അവർ ആരെന്നറിയാൻ പിന്നെയും ഒരു മാസത്തോളം കാത്തിരിപ്പ്. ജനങ്ങൾക്കു പ്രിയപ്പെട്ടവരാകാനും മനസിൽ ഇടംനേടാനും ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് സ്ഥാനാർത്ഥികൾ നെട്ടോട്ടത്തിലാണ്.

 പ്രതീക്ഷ കാത്ത്

വർഷങ്ങൾക്ക് ശേഷം യു.ഡി.എഫിൽ കോൺഗ്രസ് ഭൂരിഭാഗം സീറ്റിലും മത്സരിക്കുന്നു. സിറ്റിംഗ് എം.എൽ.എമാരെല്ലാം മത്സരരംഗത്തുണ്ട്. കെ.സി.ജോസഫ് ഇരിക്കൂറിൽ നിന്ന് വന്നെങ്കിലും സീറ്റ് ലഭിച്ചില്ല.

 ഒച്ചപ്പാട്

കോലാഹലങ്ങൾ ഇത്തവണയും യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥി നിർണയത്തിലുണ്ടായി. ഏറ്റുമാനൂരിൽ ലതികാ സുഭാഷിന്റെ വിമത നീക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കെട്ടടങ്ങിയിട്ടില്ല. മുൻ ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയും ജോസഫ് വാഴയ്ക്കനും അൽപ്പം വിയർത്തെങ്കിലും സീറ്റുറപ്പിച്ചു. സജി മഞ്ഞക്കടമ്പലിനെ വെട്ടി പ്രിൻസ് ലൂക്കോസ് ജോസഫിന്റെ തണലിൽ ഏറ്റുമാനൂരിൽ വന്നു.

രണ്ടില

എൽ.ഡി.എഫിലേയ്ക്ക് പുതുതായി കടന്നുവന്ന കേരള കോൺഗ്രസ് (എം) ചോദിച്ചത് മുഴുവൻ നൽകി. ഒടുവിൽ സി.പി.ഐയുടെ കൈയിലിരുന്ന കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കേണ്ടി വന്നപ്പോൾ പകരം ചോദിച്ചത് കിട്ടിയതുമില്ല. ഒറ്റരാത്രികൊണ്ട് എൻ.ഡി.എ വിട്ട പി.സി.തോമസ് ജോസഫ് വിഭാഗത്തിനൊപ്പം യു.ഡി.എഫിലെത്തി.

 പോരാട്ടം തകർക്കുന്നു

മതിലെഴുത്തും പോസ്റ്റർ പതിക്കലും ബോർഡും ബാനറുമെല്ലാമുള്ള പരമ്പരാഗത പ്രചാരണ രീതികൾ തന്നെയാണ് ഇപ്പോഴും മുന്നിലെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ മറ്റൊരു തരത്തിൽ പ്രചാരണം പൊടിപൊടിക്കുന്നു. സ്ഥാനാർത്ഥികളെ വിമർശിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന വീഡിയോകൾക്കും പഞ്ഞമില്ല.

 കൊവിഡ്

കൊവിഡ് വ്യാപനത്തിന്റെ വേഗം കുറഞ്ഞെങ്കിലും ഇപ്പോഴും സ്ഥിതി സങ്കീർണം. മത്സരിക്കുന്നവർക്കും പ്രവർത്തകർക്കും ആരോഗ്യത്തിൽ കണ്ണു വേണം. കൊവിഡ് പ്രോട്ടോക്കോൾ നിലവിലുണ്ട്. അതിനൊപ്പം കൊടുംചൂടിനെയും തടുക്കണം.

 സ്വതന്ത്രചിഹ്നം

പാർട്ടി സ്ഥാനാർത്ഥികൾക്ക് പേരിനൊപ്പം തന്നെ ചിഹ്നവും പ്രചാരണത്തിന് ഉപയോഗിക്കാം. എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ കുറച്ചുകൂടി കാക്കണം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയവും കഴിഞ്ഞാലെ ചിഹ്നം ലഭിക്കൂ. ഇഷ്ട ചിഹ്നം കൈവിട്ടു പോകുന്നതും പേരിലെ സാമ്യമുള്ളവർ വരുന്നതും സ്ഥാനാർത്ഥികളെ ആകുലപ്പെടുത്തുന്നു.