എലിക്കുളം : സംസ്ഥാന കൃഷിവകുപ്പിന്റെ സമ്പൂർണ ജൈവഗ്രാമപഞ്ചായത്തിനുള്ള ജില്ലാതല പുരസ്‌കാരം എലിക്കുളത്തിന്. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൈവകൃഷിമുറകൾ അനുവർത്തിച്ചുള്ള ഭക്ഷ്യവിളകളുടെ കൃഷിവ്യാപനം, നെൽകൃഷിയുടെ വിസ്തൃതിയിലുണ്ടായ വർദ്ധനവ്, ശുചിത്വരംഗത്തെ മാതൃകാപരമായ ഇടപെടലുകൾ, മണ്ണ്-ജല സംരക്ഷണം മുൻനിറുത്തിയുള്ള പ്രവർത്തനങ്ങൾ, കർഷകപക്ഷ വിപണികൾ, നാട്ടുചന്തകൾ, ഇക്കോഷോപ്പുകൾ തുടങ്ങിയവ ആരംഭിച്ച് ശരിയായ വിപണന സൗകര്യം ഒരുക്കിയത് എന്നിവ പരിഗണിച്ചാണ് അവാർഡ്. അവാർഡുതുക ഉപയോഗിച്ച് കാർഷികരംഗത്തിന് ഗുണകരമായ നവീന പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്തും കൃഷിഭവനും.