കട്ടപ്പന: ദർശന ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേള 24, 25 തിയതികളിൽ കട്ടപ്പന സന്തോഷ് തിയറ്ററിൽ നടക്കും. ഏറെ ചർച്ച ചെയ്യപ്പെട്ട വാസന്തി, ബിരിയാണി, 1956 മദ്ധ്യതിരുവിതാംകൂർ എന്നീ മലയാള ചിത്രങ്ങൾ, ഗുജറാത്തി ചിത്രമായ ഹെല്ലാരോ, ബ്രിട്ടീഷ് ചിത്രം 1917, തുർക്കി ചിത്രം അയ്‌ലദി ഡോട്ടർ ഓഫ് വാർ എന്നിവ രണ്ട് ദിവസങ്ങളിലായി ഉച്ചയ്ക്ക് 12.00, 3.00, 6.00 എന്നീ സമയങ്ങളിൽ പ്രദർശിപ്പിക്കും. മുഴുവൻ സിനിമകളും കാണുന്നതിനുള്ള ഡെലിഗേറ്റ് ഫീസ് 200 രൂപയാണ്.
24ന് രാവിലെ 11.30ന് യുവ ചലച്ചിത്ര സംവിധായകൻ സജിൻ ബാബു മേള ഉദ്ഘാടനം ചെയ്യും. 25ന് വൈകിട്ട് 5ന് നടക്കുന്ന സമാപന യോഗത്തിൽ 1956 മദ്ധ്യതിരുവിതാംകൂർ എന്ന ചിത്രത്തിന്റെ സംവിധായകൻ ഡോൺ പാലത്തറ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റിസ് ഫെഡറേഷൻ, തൃശൂർ ഐ.എഫ്.എഫ്.ടി. എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ പേരും വിലാസവും 9447917226 എന്ന വാട്ട്‌സ്ആപ്പ് നമ്പരിൽ അയയ്ക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.