കട്ടപ്പന: പീരുമേട്ടിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വാഴൂർ സോമന്റെ ആദ്യഘട്ട പ്രചരണ പരിപാടികൾ പൂർത്തിയായി. ഇന്നലെ പീരുമേട് പഞ്ചായത്തിലെ തോട്ടം മേഖലകളിലെ വോട്ടർമാരെ സന്ദർശിച്ചു. 21ന് വൈകിട്ട് 5ന് വണ്ടിപ്പെരിയാറിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് സമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്. പ്രവർത്തകർ. മുഖ്യമന്ത്രി നേരിട്ടെത്തുന്നത് പ്രചരണങ്ങൾക്കും പ്രവർത്തകർ ആവേശമാകുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. ഇന്ന് നാമനിർദേശപത്രിക സമർപ്പണത്തിന് ശേഷം രണ്ടാംഘട്ട പ്രചരണത്തിന് തുടക്കമാകും.
ഇന്നലെ അയ്യപ്പൻകോവിൽ മേഖല കൺവെൻഷൻ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകൾക്ക് മാത്രമായി ഉണ്ടാക്കുന്ന നിയമങ്ങൾ എതിർക്കുന്നതിനാലാണ് എൽ.ഡി.എഫ്. സർക്കാർ, കേന്ദ്രത്തിന്റെ കണ്ണിലെ കരടായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനത്തും കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിച്ചെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നു. ജനദ്രോഹ നടപടികളിൽ ജനം പൊറുതിമുട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ. കൺട്രോൾ കമ്മിഷൻ അംഗം മാത്യു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. ജോസഫ്, വി.ആർ. ശശി, മിനി നന്ദകുമാർ, ടോമി പകലോമറ്റം, എ.എൽ. ബാബു, സുമോദ് ജോസഫ്, സിജുമോൻ എന്നിവർ പങ്കെടുത്തു.
എൽ.ഡി.എഫ്. ഏലപ്പാറചെമ്മണ്ണ് മേഖല കൺവെൻഷൻ സി.പി.എം. ഏലപ്പാറ ഏരിയ സെക്രട്ടറി എം.ജെ. വാവച്ചൻ ഉദ്ഘാടനം ചെയ്തു. സി. സിൽവസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഇ.എസ്. ബിജിമോൾ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ആന്റപ്പൻ എൻ.ജേക്കബ്, കെ.പി. വിജയൻ, എം. വർഗീസ്, ടോമിച്ചൻ ഈറ്റത്തോട്, പി.കെ. രവി, എസ്. അനിൽകുമാർ, ബി. അനൂപ്, ആർ. രവികുമാർ പങ്കെടുത്തു.