മുണ്ടക്കയം : വേനൽച്ചൂട് കനത്തതോടെ മലയോര മേഖലയിലെ റബർ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തീപിടിത്ത സാദ്ധ്യതയേറുന്നു. തോട്ടങ്ങളോടും വനമേഖലയോടും ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് തീപടരാൻ സാദ്ധ്യത കൂടുതലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മുണ്ടക്കയം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി നിരവധി തീപിടിത്തങ്ങളാണ് ഉണ്ടായത്. ഇതിൽ ഏറെയും തോട്ടങ്ങളിലും പുരയിടങ്ങളിലുമായിരുന്നു. ഇളംകാട് ഞർക്കാട് ഭാഗത്ത് ഉണ്ടായ തീപിടിത്തത്തിൽ മുപ്പത് ഏക്കറോളം ഭൂമിയാണ് കത്തിനശിച്ചത്. ഇതോടെ മുന്നറിയിപ്പുമായി ഫയർഫോഴ്‌സും രംഗത്തെത്തി. മുൻകരുതലുകൾ സ്വീകരിച്ചാൽ തീപിടിത്തത്തിൽ നിന്നു രക്ഷനേടാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അശ്രദ്ധമായി തീ ഉപയോഗിക്കുന്നത് വൻദുരന്തങ്ങളിലേക്ക് നയിക്കും. കത്തിച്ച ശേഷം വലിച്ചെറിയുന്ന സിഗരറ്റ്, തീപ്പെട്ടി എന്നിവ കെടുത്തിയെന്ന് ഉറപ്പ് വരുത്തണം. വരണ്ടു കിടക്കുന്നതിനാൽ തീ കാറ്റത്ത് പറന്ന് അപകടങ്ങൾക്ക് വഴിയൊരുക്കും.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
അന്തരീക്ഷ ഊഷ്മാവ് വല്ലാതെ കൂടുന്നതും ഇടയ്ക്കിടെയുള്ള കാറ്റും തീ പടരാനുള്ള സാഹചര്യമുണ്ടാക്കുകയാണ്. രാവിലെ തണുപ്പ് ഏറിയതിനാൽ കരിയിലകൾക്ക് തീയിടുന്ന പതിവ് നാട്ടിൻപുറത്തുണ്ട്. കരിയിലകൾക്കൊപ്പമുള്ള ഉണക്കകമ്പുകളിൽ പടരുന്ന തീ അണയാതെ കിടന്നാൽ വെയിൽ കനക്കുമ്പോൾ ആളിപ്പടരാൻ കാരണമാകും. ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും വീണടിയുന്നതും മണ്ണിൽ ജലാംശമില്ലാതാകുന്നതും ചൂടുവായു പ്രവാഹവുമെല്ലാം തീപിടിത്തത്തിനുള്ള സാദ്ധ്യത വർധിപ്പിക്കുന്നു. ഉച്ചയ്ക്ക് 12നും 2 നുമിടിയിലുള്ള സമയത്താണ് തീ ഏറ്റവുമധികം ആളിപ്പടരുന്നത്.
മുൻകരുതൽ
അതിരാവിലെ മാലിന്യങ്ങളോ ചപ്പുചവറുകളോ കത്തിക്കുക
രാത്രി തീയിട്ടാൽ പൂർണമായി കത്തിത്തീർന്നെന്ന് ഉറപ്പാക്കണം
വീടിനു ചുറ്റുമുള്ള ഉണക്കപ്പുല്ലുകൾ വെട്ടി വൃത്തിയാക്കുക
സ്ഥാപനങ്ങൾക്ക് ചുറ്റും ഫയർലൈൻ ഒരുക്കണം
തീയണയ്ക്കാനുള്ള ഉപകരണങ്ങൾ ഉറപ്പാക്കണം
അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയരുത്