s

കോട്ടയം : സർ,​കടുത്ത പനിയാണ്..ജലദോഷവുമുണ്ട്. കൊവിഡാണെന്നൊരു സംശയം. തിരഞ്ഞെടുപ്പ് അടുത്തതോടെ ജീവനക്കാർക്ക് കലശലായ രോഗമാണ് ! തലവേദന പിടിച്ച തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവായിക്കിട്ടാൻ പതിനെട്ടടവും പയറ്റുകയാണ് പലരും. അതിനായി ഇല്ലാത്ത രോഗം പോലും ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ ബഹുമിടുക്കരാണ്. പകർച്ചവ്യാധി പിടിപ്പെട്ടതായി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് ഇത്തരക്കാരുടെ സ്ഥിരം തുറുപ്പുചീട്ട്. അടുപ്പമുള്ള ഡോക്ടർമാരിൽ സ്വാധീനം ചെലുത്തി സർട്ടിഫിക്കറ്റ് വാങ്ങി സ്ഥിരമായി തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാകുന്ന വിദ്വാൻമാരുണ്ട്. സ്ഥാനാർത്ഥികൾ, മാരക രോഗം ബാധിച്ചവർ, ഭിന്നശേഷിക്കാരായ മക്കളുള്ള മാതാപിതാക്കൾ, പകർച്ചവ്യാധിയുള്ളവർ എന്നിവർക്കാണ് രേഖകൾ ഹാജരാക്കുന്ന പ്രകാരം ചുമതലകളിൽ നിന്ന് ഒഴിവാകാൻ സാധിക്കുക. വീട്ടിൽ ഒഴിവാക്കാനാവാത്ത ചടങ്ങുകൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളവർ അത് ചൂണ്ടിക്കാട്ടി രേഖാമൂലം അപേക്ഷ സമർപ്പിക്കാറുണ്ട്.

ജില്ലയിൽ ഇതുവരെ നിയമസഭ തിരഞ്ഞെടുപ്പിൽ അവധിയ്‌ക്കായി അപേക്ഷ നൽകിയത് 176 പേരാണ്. 90 അപേക്ഷകളും തള്ളി. ചിലതാകട്ടെ വിശദപരിശോധനയ്‌ക്കായി മാറ്റിവച്ചു. അപേക്ഷ നൽകിയ ഉദ്യോഗസ്ഥരിൽ ഏറിയ പങ്കും അദ്ധ്യാപകരാണ്.

കഷ്ടപ്പാടാണ് സാറേ ...

രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ജോലി ചെയ്‌ത് ശീലിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് മെനക്കേട് കാലമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി. രണ്ടു ദിവസമെങ്കിലും കഷ്‌ടപ്പെടാതെ പണി തീർക്കാനാവില്ല. വോട്ടെടുപ്പ് തലേന്ന് രാവിലെ ആരംഭിക്കുന്ന ജോലികൾ വോട്ടെടുപ്പ് ദിവസം രാത്രി വൈകിയേ അവസാനിക്കൂ. ഇനി ബൂത്തിലെത്തുന്ന സ്ഥലത്ത് ഭക്ഷണവും വെള്ളവും കിട്ടണമെന്ന് നിർബന്ധവുമില്ല.