thankan

കോട്ടയം: തയ്യൽ മെഷീന്റെ പടിയിൽ തങ്കൻ ചേട്ടൻ കാലുകൾ ചേർത്ത് ചെങ്കൊടി തുന്നുമ്പോൾ ഉയരുന്ന കട..കട ശബ്ദത്തിന് പോലും മുഷ്ടി ചുരുട്ടി ആകാശത്തേയ്ക്കുയർത്തി നീട്ടി വിളിക്കുന്ന ഇൻക്വിലാബിന്റെ പ്രതീതിയാണ്. ഏഴ് പതിറ്റാണ്ടത്തെ തയ്യൽ ജീവിതത്തിൽ ഇതുവരെ ചുവന്ന കൊടി മാത്രമേ തയ്ച്ചിട്ടുള്ളൂ,​ അതും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ!

കോട്ടയം വേളൂർ കല്ലുപുരയ്ക്കൽ കളപ്പുരയിൽ കെ.കെ.തങ്കൻ (82)​ പന്ത്രണ്ടാംവയസിൽ ജ്യേഷ്ഠൻ കുട്ടപ്പനിൽ നിന്നാണ് തയ്യൽ പഠിച്ചത്. അരനൂറ്റാണ്ടിലേറെയായി കല്ലുപുരയ്ക്കൽ ജംഗ്ഷനിലെ തയ്യൽകടയിലുണ്ട്. ചെങ്കൊടി തുന്നുന്നതിന് ഒരുരൂപപോലും ഇതുവരെ പ്രതിഫലം പറ്റിയിട്ടില്ല. മറ്റൊരു പാർട്ടിയുടേയും കൊടി തുന്നിയിട്ടുമില്ല. പണ്ട് കൊടിതുന്നാൻ,​ മോഹിക്കുന്ന പണവുമായി എത്തിയ മറ്റുപാർട്ടിക്കാരോടെല്ലാം പറ്റില്ലെന്ന് കട്ടായം പറഞ്ഞിട്ടുമുണ്ട്. കടയ്ക്കുമുണ്ടൊരു പ്രത്യേകത. ഒറ്റനോട്ടത്തിൽ പാർട്ടി ഓഫീസ് പോലെ. അകത്ത് എ.കെ.ജിയും ഇ.എം.എസും തുടങ്ങി നായനാർ വരെയുള്ളവരുടെ രക്തഹാരങ്ങളിട്ട ചിത്രങ്ങൾ. തൊട്ടപ്പുറത്ത് ഗുരുദേവനും. ഏറ്റവും വലിയ വിപ്ളവകാരിയും ഏറ്റവും നല്ല കമ്മ്യൂണിസ്റ്റും ഗുരുദേവനാണെന്നാണ് തങ്കന്റെ അഭിപ്രായം.

ഏത് തിരഞ്ഞെടുപ്പ് വന്നാലും ഈ കട തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാകും. സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളാൽ മുൻവശം അലംകൃതമാകും .

തിരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല, റാലിക്കും സമ്മേളനത്തിനുമെല്ലാം കൊടി തുന്നി നൽകും. പാർട്ടി സമ്മേളനങ്ങളും യോഗങ്ങളും വരുമ്പോൾ ദിവസവും 200 കൊടി വരെ തുന്നാറുണ്ട്. ആദ്യകാലത്ത് ചിഹ്നം തുണിയിൽ തുന്നിചേർക്കുകയായിരുന്നു. ഇപ്പോൾ അച്ചിൽ പതിപ്പിക്കുകയാണ്. ആദ്യകാലത്ത് പുലർച്ചെ ആറിന് കടയിലെത്തുമായിരുന്നു. പ്രായമായതോടെ എട്ടരയാകും. പോകുമ്പോൾ നേരംവൈകും. കൊടി മാത്രമല്ല,​ ഷർട്ടും പാന്റും ബ്ളൗസുമെല്ലാം തുന്നും. അതാണ് വരുമാനമാർഗം. പാർട്ടിക്ക് വേണ്ടിയുള്ള ഓട്ടത്തിനിടെ വിവാഹം കഴിച്ചില്ല. സഹോദരിക്കൊപ്പമാണ് ജീവിതം.

'' മരണം വരെ ഇങ്ങനെ ചെങ്കൊടി തയ്ക്കണമെന്നാണ് ആഗ്രഹം. പണ്ട് ഞാൻ വി.എസ്. പക്ഷക്കാരനായിരുന്നു. ഇപ്പോൾ പിണറായിയെ ആണ് ഇഷ്ടം. പ്രതിസന്ധികാലത്ത് പെൻഷനും കിറ്റും നൽകി കേരളത്തെ താങ്ങി നിറുത്തിയ പിണറായി ഇനിയും ഭരിക്കും'' തൊലിചുളുങ്ങി നരമൂടിയെങ്കിലും തങ്കന്റെ ആത്മവിശ്വാസത്തിന്റെ കരുത്ത് ചോർന്നിട്ടില്ല.