
കോട്ടയം: 1984ലെ തിരഞ്ഞെടുപ്പിലാണ് കോട്ടയത്ത് സ്കറിയ തോമസിനെ തോൽപ്പിച്ച് ഞാൻ ആദ്യമായി ലോക്‌സഭാംഗമായത്. ഡൽഹിയിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ സ്കറിയ തോമസിന്റെ ഫോൺ, ഞാൻ ഡൽഹിയിലുണ്ട്. നമ്മൾ കോട്ടയം കാരല്ലേ. വീട്ടിലോട്ട് ക്ഷണിക്കാതെ തന്നെ വരാമല്ലോ...
അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചെന്നപ്പോൾ കാണിച്ച സ്നേഹം അദ്ഭുതപ്പെടുത്തി. ഒപ്പം ഇരുത്തി ഭക്ഷണം തന്നു. കുടുംബകാര്യങ്ങൾ ചോദിച്ചു. ഞാൻ തോൽപ്പിച്ച ആളാണെന്ന് തോന്നാത്ത തരത്തിലുള്ള അടുപ്പം പ്രകടിപ്പിച്ചു. ആ പെരുമാറ്റത്തിലെ മര്യാദ സ്കറിയ തോമസിന്റെ മുഖത്ത് എപ്പോഴും തെളിയുന്ന നിറചിരിപോലെ ഇന്നും മനസിൽ നിറഞ്ഞു നിൽക്കുകയാണെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു.
കേരള കോൺഗ്രസ് ശക്തികേന്ദ്രമായ കോട്ടയത്ത് തുടർച്ചയായി രണ്ടു തവണ സ്കറിയ തോമസ് ലോക്സഭാംഗമായി. മൂന്നാം തവണ മത്സരിക്കുമ്പോഴായിരുന്നു എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായ ഞാൻ എതിരാളിയാവുന്നത്. കെ.പി.സി.സി പ്രസിഡന്റായിരുന്ന പ്രൊഫ.കെ.എം.ചാണ്ടിയെ വരെ തോൽപ്പിച്ച സ്കറിയയെ നേരിടാൻ സത്യത്തിൽ പേടിയായിരുന്നു.
സ്കറിയയുടെ വ്യക്തിത്വം ഇടിച്ചുതാഴ്ത്തുന്ന തരത്തിൽ അന്നു പ്രചാരണം നടത്തിയിരുന്നു. നേരിയ ദേഷ്യം പോലും പ്രകടിപ്പിക്കാതെ, നിറചിരിയോടെ വിമർശനങ്ങളെ അദ്ദേഹം നോക്കിക്കണ്ടത് അദ്ഭുതപ്പെടുത്തി. എതിരാളികളോട് മുഖം കറുപ്പിച്ച് സംസാരിക്കാതെ സ്നേഹത്തോടെയുള്ള പെരുമാറ്റവും രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വവും എന്റെ സ്വഭാവത്തെയും രൂപപ്പെടുത്തുന്നതിൽ സ്വാധീനിച്ചു.
കേരള കോൺഗ്രസ് വിട്ട് പിന്നീട് ഇടതുമുന്നണി ഘടകകക്ഷി നേതാവായി അദ്ദേഹം മാറി. സി.പിഎമ്മിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നിട്ടും എന്തെങ്കിലും കാര്യസാദ്ധ്യത്തിന് ഭരണസ്വാധീനം ഉപയോഗിച്ചതായി ആരോപണമുയർന്നില്ല. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ചെയർമാനായിരുന്നപ്പോൾ ഒരു അഴിമതി ആരോപണവും സ്കറിയ തോമസിനെതിരെ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
പ്പ
ർ