
കറുകച്ചാൽ : കറുകച്ചാൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ മുന്നറിയിപ്പില്ലാതെ താത്കാലികമായി അടച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യാത്രക്കാർക്ക് പുറമെ നൂറുകണക്കിന് സ്ഥാപനങ്ങളിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായത്. വെള്ളമില്ലാത്തതിനാൽ നഗരത്തിലെ മിക്ക കെട്ടിടങ്ങളിലെയും ശൗചാലയങ്ങൾ മാസങ്ങൾക്ക് മുൻപ് പൂട്ടിയിരുന്നു. ഏക ആശ്രയമായിരുന്നത് ഇതായിരുന്നു. ഏതാനും ദിവസം മുൻപാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അടച്ചിടുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് പോലും നൽകിയില്ല. സാധാരണയായി കംഫർട്ട്‌സ്റ്റേഷനുകളിൽ പണി നടക്കുമ്പോൾ താത്കാലികമായി ബയോടോയ്‌ലെറ്റുകൾ സ്ഥാപിക്കാറുണ്ട്. പൂർണമായി അടച്ചിട്ടാണ് നിർമാണം. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.