
പൊൻകുന്നം: കേരളാ കോൺഗ്രസുകളുടെ ശക്തികേന്ദ്രമാണ് കാഞ്ഞിരപ്പള്ളി മണ്ഡലം. അതായത് പണ്ടത്തെ വാഴൂർ ഉൾപ്പെടുന്ന പ്രദേശം. പാർട്ടി എത്ര പൊട്ടിപ്പിളർന്നാലും അതിന്റെ ഒരു തരിയെങ്കിലും ഈ മണ്ണിൽ വീണ് പൊട്ടിമുളയ്ക്കും. അതാണ് പാരമ്പര്യം.
അതുകൊണ്ട് ബ്രായ്ക്കറ്റില്ലാത്ത കേരളാകോൺഗ്രസിനും ഇപ്പോൾ പേരും ചിഹ്നവും ഇല്ലാതായ കേരളാകോൺഗ്രസിനും ഇവിടെ വേരുകളുണ്ടായിരുന്നു. ബ്രായ്ക്കറ്റില്ലാത്ത പാർട്ടി പലവഴി ചുറ്റിക്കറങ്ങി പല കുടിലുകളിൽ അന്തിയുറങ്ങി തിരിച്ചെത്തിയപ്പോൾ ഇവിടെയിപ്പോൾ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. അതിനിടെ രണ്ടില പാർട്ടി മുന്നണി മാറിയപ്പോൾ തൂത്തുവാരി കൊണ്ടുപോയതിന്റെ ബാക്കി ചില്ലറ പൊട്ടും പൊടിയുമൊക്കെ അങ്ങിങ്ങായി ചിതറിക്കിടന്നു. ഒരു കാറ്റുവീശിയപ്പോൾ ഈ പൊട്ടുംപൊടിയുമെല്ലാംകൂടി പേരില്ലാത്ത കേരളാ കോൺഗ്രസിലേക്ക് ചേക്കേറി.
അങ്ങനെ പേരില്ലാപാർട്ടിയുടെ ശക്തി ഒന്നും ഒന്നും രണ്ട് എന്നുപറഞ്ഞതുപോലെ ഇരട്ടിയായി. വഹിക്കാൻ ഭാരമൊന്നുമില്ലെങ്കിലും വന്നവരെല്ലാം ഭാരവാഹികളായി . കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വാഴൂർ തുടങ്ങിയ മണ്ഡലം കമ്മിറ്റികളെല്ലാം ഭാരവാഹികളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞു. അങ്ങനെ കഴിയുമ്പോഴാണ് പേരില്ലാത്ത കേരളാകോൺഗ്രസ് പേരുള്ള കേരളാകോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചത്. തോട് ഓടയിൽ ലയിക്കുന്നു എന്ന് ആരോ പറയുന്നതുകേട്ട് പേരില്ലാ പാർട്ടിയുടെ ഭാരവാഹികൾ ഓട തപ്പി നടക്കുകയാണിപ്പോൾ!. മണ്ഡലമാകെ അരിച്ചുതപ്പിയിട്ടും ഓട പോയിട്ട് ഒരു ഓവുചാലുപോലും കാണാനില്ല. പിന്നെങ്ങനെ ലയിക്കും!. ഇനിയിപ്പം നേതൃത്വം പറയുന്നതു കേൾക്കാതിരുന്നാൽ വിപ്പ് ലംഘനത്തിന് നടപടി ഉണ്ടാകുമോ എന്നാണ് ഭാരവാഹികളുടെ പേടി.