aa

കോട്ടയം : അദ്വൈത സിദ്ധാന്തത്തെ കൂടുതൽ ജനകീയമാക്കാൻ ശ്രീനാരായണ ഗുരുദേവന് കഴിഞ്ഞെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അഭിപ്രായപ്പെട്ടു.
ശിവഗിരി മഠം ഗുരുധർമ്മപ്രചരണ സഭ ജില്ലാ കമ്മിറ്റി നടത്തിയ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. കൊവിഡ് മഹാമാരി ലോകത്തെ കീഴടക്കിപ്പോൾ മനുഷ്യ ജീവിതത്തിൽ വളരെയേറെ പരിവർത്തനങ്ങൾ സംഭവിച്ചു. നൂറ്റാണ്ടിനു മുൻപ് ഗുരുദേവൻ ചൂണ്ടിക്കാണിച്ച മാർഗനിർദ്ദേശങ്ങളിലേക്കാണ് ലോകർ എത്തിച്ചേർന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ജീവിതത്തിൽ മിതവ്യയം പാലിക്കണെന്നും ശുചിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും കൃഷി ജീവരാശിയുടെ നട്ടെല്ലെന്നും ഗുരുദേവൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് ഈ മേഖലകളിലൊക്കെ ജനങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പഠന ക്ലാസ് നയിച്ചു. സഭ ഉപദേശകസമിതി ചെയർമാൻ കുറിച്ചി സദൻ, പി.ആർ.ഒ ഇ.എം.സോമനാഥൻ, ഉപദേശക സമിതിയംഗം ആർ.സലിം കുമാർ, എക്‌സിക്യുട്ടീവ് അംഗം പി.കമലാസനൻ, കോ-ഓഓർഡിനേറ്റർ ഷിബു മൂലേടം, ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം, വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം, കേന്ദ്ര സമിതിയംഗം കെ.കെ.സരളപ്പൻ, ഡോ.ബീനാ സുരേഷ് എന്നിവർ പ്രസംഗിച്ചു.