
കോട്ടയം: പുതുപ്പള്ളിയെ ജനകീയമാക്കിയ ഒറ്റയാൾ ഉമ്മൻചാണ്ടിയാണ്. അരനൂറ്റാണ്ട് തുടർച്ചയായി ഒരു മണ്ഡലത്തിൽ എം.എൽ.എ ആകാൻ ഉമ്മൻചാണ്ടിക്ക് അവസരമൊരുക്കിയത് പുതുപ്പള്ളിയും. മുൻമുഖ്യമന്ത്രിയുടെ മണ്ഡലമെന്ന് പറയുമ്പോഴും സാധാരണക്കാർ മാത്രം താമസിക്കുന്നുവെന്നതാണ് പുതുപ്പള്ളിയെ വ്യത്യസ്തമാക്കുന്നത്. നേമത്തേയ്ക്ക് വിട്ടുതരില്ലെന്ന് പുതുപ്പള്ളിക്കാർ കട്ടായം പറഞ്ഞതോടെ ഇക്കുറിയും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കാനെത്തി. നാമനിർദേശ പത്രിക സമർപ്പിച്ചിട്ട് ഇടയ്ക്കൊന്നു മണ്ഡലം ചുറ്റി മടങ്ങിയിട്ട് പിന്നെ വോട്ടു ചെയ്യാൻ വരുന്നതാണ് ഉമ്മൻചാണ്ടിയുടെ ശീലം. ഉമ്മൻചാണ്ടിക്കെതിരെ രണ്ടാമതും ജെയ്ക് സി.തോമസിനെ സി.പി.എം നിറുത്തുമ്പോൾ ബി.ജെ.പി സംസ്ഥാന സമിതി അംഗം എൻ. ഹരിയാണ് പോരാടാനിറങ്ങുന്നത്.
മണ്ഡല ചിത്രം
ഏഴു പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പുതുപ്പള്ളി മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി പഞ്ചായത്ത് പോലും ഇളക്കിയ അട്ടിമറി വിജയത്തിലാണ് എൽ.ഡി.എഫ്. വോട്ടു ശതമാനം വർദ്ധിച്ചതാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നത്. മുമ്പ് എല്ലാ പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിച്ചിരുന്നതെങ്കിൽ നിലവിൽ മീനടത്തും അയർക്കുന്നത്തും മാത്രമാണു ഭരണം, മറ്റിടങ്ങളിൽ എൽ.ഡി.എഫ്. ചരിത്രത്തിൽ ആദ്യമായാണു മണർകാട് പഞ്ചായത്തിൽ ഇടതുമുന്നണി അധികാരത്തിൽ വന്നതെങ്കിൽ 24 വർഷങ്ങൾക്കു ശേഷമാണ് പുതുപ്പള്ളി ചുവപ്പണിഞ്ഞത്. വാകത്താനം, പാമ്പാടി, അകലക്കുന്നം, കൂരോപ്പട എന്നിവിടങ്ങളിലും ഇടതുപക്ഷത്തിനാണ് ഭരണം.
ഭൂരിപക്ഷം 50,000 ആക്കുമോ?
അമ്പത് വർഷം നിയമസഭയിൽ പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് ഇക്കുറി പുതുപ്പള്ളിയിൽ ഭൂരിപക്ഷം അമ്പതിനായിരമാക്കണമെന്നാണ് ആഗ്രഹം. ഈ ലക്ഷ്യത്തിൽ ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പിന് മുൻപേ മണ്ഡലത്തിൽ കുടുംബയോഗങ്ങൾ സംഘടിപ്പിച്ചു അനൗദ്യോഗിക പ്രചാരണം തുടങ്ങി.
ഭൂരിപക്ഷം വർദ്ധിപ്പിക്കുന്ന പതിവു തെറ്റിക്കാതെയുള്ള വിജയമാണ് ഉമ്മൻചാണ്ടിയുടെ ലക്ഷ്യം.
മണ്ഡലത്തിന്റെ ഉമ്മൻചാണ്ടിയെന്ന വികാരം അലയടിക്കുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കുകയെന്നതാണ് പ്രധാന വെല്ലുവിളി.
ജെയ്ക്കിന് ജയത്തിനരികിൽ എത്തണം
ഓരോ തവണയും ഉയരുന്ന ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം താഴ്ന്നത് ജെയ്ക് സി.തോമസ് മത്സരിച്ചപ്പോഴാണ്. സി.പി.എം യുവനേതാവിനെ വീണ്ടും പരീക്ഷിച്ചതും ഇക്കാരണത്താലാണ്. സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗവുമാണ്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റുമായിരുന്നു. ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. നിലവിൽ യുവജന ക്ഷേമബോർഡ് അംഗമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിലെ എൽ.ഡി.എഫ് തേരോട്ടത്തിന് പിന്നിൽ ജെയ്ക്കായിരുന്നു.
കരുത്തനെയിറക്കി എൻ.ഡി.എ
പുതുപ്പള്ളിയിൽ സംസ്ഥാന നേതാവിനെ എൻ.ഡി.എ കളത്തിലറക്കുമ്പോൾ മത്സരം കടുപ്പിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. മുൻപ് പുതുപ്പള്ളി മണ്ഡലത്തിലായിരുന്ന പള്ളിക്കത്തോട് സ്വദേശിയായ
എൻ.ഹരി മുൻ ജില്ലാ പ്രസിഡന്റുകൂടിയാണ്. പള്ളിക്കത്തോട് പഞ്ചായത്തിലെ ആദ്യ ബി.ജെ.പി. മെമ്പർ. യുവമോർച്ച ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം.
നിർണായകം
സഭാ വിഷയങ്ങൾ കത്തിനിൽക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾക്കും ആർ.സി. വിഭാഗത്തിനും സ്വാധീനം. നായർ, ഈഴവ വോട്ടുകളും ദളിത് വോട്ടുകളും വിധിയെ സ്വാധീനിക്കും.
വോട്ടുചരിത്രം
2016
ഉമ്മൻ ചാണ്ടി- 71597
ജെയ്ക് സി. തോമസ്- 44505
ജോർജ് കുര്യൻ- 15993
ഭൂരിപക്ഷം: 27,092