ഒരാഴ്ചയ്ക്കിടെ കുരുമുളക് വിലയിൽ 50 രൂപയുടെ വർദ്ധന
ഇറക്കുമതി ചെയ്യുന്ന വിയറ്റ്‌നാം കുരുമുളകിനും വില കൂടി


കട്ടപ്പന: വർഷങ്ങൾക്ക് ശേഷം കുരുമുളക് വിലയിൽ മുന്നേറ്റം. കലോഗ്രാമിന് 370 മുതൽ 380 രൂപ വരെയാണ് കമ്പോളത്തിൽ വില. 15 ദിവസത്തിനിടെ 50 രൂപ വർദ്ധനയുണ്ടായി. ഉത്പ്പാദനക്കുറവാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. മാർച്ച് അവസാനത്തോടെ വില 400 രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. വിയറ്റ്‌നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കുരുമുളകിനും വില ഉയർന്നിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ 30 രൂപ വർദ്ധിച്ച് 360ലെത്തി. അതേസമയം മുൻവർഷങ്ങളെ അപേക്ഷിച്ച് കമ്പോളത്തിൽ എത്തുന്ന കുരുമുളക് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഹൈറേഞ്ച് കർഷകർ ഏലംകൃഷിയലേക്ക് ചേക്കേറിയതോടെ 5 വർഷത്തിനിടെ ആകെ ഉത്പ്പാദത്തിന്റെ 35 ശതമാനമാണ് കുറഞ്ഞത്. കൂടാതെ തുടർച്ചയായ പ്രളയങ്ങളിൽ ഇടുക്കിയിലെ കുരുമുളക് കൃഷി വ്യാപകമായി നശിച്ചതും ഉത്പ്പാദനക്കുറവിന് ഇടയാക്കി. ഇപ്പോഴത്തെ വില വർദ്ധന വിപണിയിൽ ഉണർവിന് കാരണമായിട്ടുണ്ടെങ്കിലും ഉത്പ്പാദനം ക്രമാതീതമായി കുറഞ്ഞതിനാൽ കർഷകർക്ക് കാര്യമായ പ്രയോജനമില്ല. മൂന്നുവർഷത്തിലധികമായി വില ഉയരാത്തതിനാൽ വലിയൊരു വിഭാഗം കർഷകർ കുരുമുളക് കൃഷി പാടെ ഉപേക്ഷിച്ച് പൂർണമായും ഏലംകൃഷിയലേക്ക് മാറിയിരുന്നു. നിരവധി കുരുമുളക് തോട്ടങ്ങളും അപ്രത്യക്ഷമായി. വർഷങ്ങൾക്ക് ശേഷം കുരുമുളകിന് ഡിമാൻഡ് ഉയർന്നപ്പോൾ വിറ്റഴിക്കാൻ ഉത്പ്പന്നമില്ലാത്ത ഗതകേടിലാണപ്പോൾ കർഷകർ.
നാലുവർഷം മുമ്പ് 700 രൂപയായിരുന്ന കുരുമുളക് വില ഒന്നര വർഷത്തിനുള്ളിൽ 300ലേക്ക് കൂപ്പുകുത്തുകയായിരുന്നു. കൊവിഡ് കാലത്ത് വീണ്ടും വിലയിടിഞ്ഞ് 280ലെത്തി. വിയറ്റ്‌നാമിൽ നിന്നുള്ള ഇറക്കുമതി നിർബാധം തുടരുന്നതിനാൽ ഇടുക്കിയിൽ ഉത്പാദിപ്പിക്കുന്ന കുരുമുളകിന് ഡിമാൻഡും ഉണ്ടായിരുന്നില്ല. തുടർച്ചയായ വിലയിടിവിനെ തുടർന്ന് കേന്ദ്ര സർക്കാർ 500 രൂപ തറവില നിശ്ചയിച്ചിരുന്നെങ്കിലും കർഷകർക്ക് പ്രയോജനപ്പെടുന്നില്ല.

മഴ അനുഗ്രഹമായി

3 വർഷങ്ങൾക്ക് ശേഷമാണ് കുരുമുളക് വിലയിൽ ഇപ്പോൾ മുന്നേറ്റമുണ്ടായിരിക്കുന്നത്. ഇത്തവണ ജനുവരി ആദ്യ ആഴ്ചകൾ വരെ മഴ ലഭിച്ചതിനാൽ കുമിൾ, സാവധാന വാട്ടം തുടങ്ങിയ രോഗബാധകളുമില്ല.