കോട്ടയം: ഏറ്റുമാനൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ.വാസവൻ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസി.റിട്ടേണിംഗ് ഓഫീസർ ബി.ധനേഷ് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. നീണ്ടൂർ രക്തസാക്ഷികളായ ആലി, വാവ, ഗോപി എന്നിവരുടെയും ബാബുജോർജിന്റെയും സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പേരൂർ കവലയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ വാസവനെ നേതാക്കളും പ്രവർത്തകരും വരവേറ്റു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു. വാദ്യമേളങ്ങളും വർണബലൂണുകളുമായി പ്ലക്കാർഡും കൈയിലേന്തിയാണ് പ്രവർത്തകർ എത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ, കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ, ടി.ആർ.രഘുനാഥൻ, കെ.എം.രാധാകൃഷ്ണൻ,കെ. എൻ.രവി, ബിനുബോസ്, കെ.എൻ.വേണുഗോപാൽ, പി.ജെ.വർഗീസ്, അഡ്വ.റജി സഖറിയ, എം.എസ്.സാനു, കെ. ഐ.കുഞ്ഞച്ചൻ, മനോജ് ചെമ്മുണ്ടവള്ളി, ഷാജിഫിലിപ്പ്, ഇ.എസ്.ബിജു, രാജീവ് നെല്ലിക്കുന്നേൽ, ജയിംസ് കുര്യൻ, കെ.വി.ബിന്ദു തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.