പാലാ : 'ആ തിത്തൈ' താളത്തിൽ കത്തിച്ച ചൂട്ടു കെട്ടുകൾ തലയ്ക്കു മുകളിലൂടെ പാഞ്ഞു; ഭക്തിയുടെ തീപ്പൊരികൾ ചിതറി..... ഭദ്രകാളിയമ്മയുടെ സ്തുതി, ചിലങ്കകളിളകി. പോണാട്ടു കാവിൽ ചൂട്ടുപടയണി ഭക്തിനിർഭരം. മീനഭരണി നാളിൽ കേരളത്തിലെ അത്യപൂർവം ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടാണ് ചൂട്ടു പടയണി. മധ്യ തിരുവിതാംകൂറിൽ പോണാട് കാവ് ഭഗവതീ ക്ഷേത്രത്തിൽ മാത്രമേ ഈ വഴിപാടുള്ളൂ. ഇന്നലെ രാത്രി ഒമ്പതോടെയാണ് പടയണി ആരംഭിച്ചത്. സാധാരണയായി മുന്നൂറോളം ചൂട്ടുകറ്റകൾ മെടഞ്ഞെടുത്താണ് ചൂട്ടു പടയണി നടത്തുന്നതെങ്കിലും ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ 50 ചൂട്ടുകറ്റകൾ മാത്രമേ എടുത്തുള്ളൂ. ദീപാരാധനയ്ക്കുശേഷം വഴിപാടിനായി വ്രതമെടുത്ത ഭക്തർ മെടഞ്ഞെടുത്ത ചൂട്ടുമായി ദേവിയുടെ തിരുനടയിൽ ചെന്ന് അനുവാദം ചോദിച്ചതോടെയാണ് ചൂട്ടു പടയണി ആരംഭിച്ചത്. മേൽശാന്തി ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപം ഭക്തരുടെ ചൂടിലേക്ക് പകർന്നു. തുടർന്ന് പള്ളിനായാട്ട് വിളിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വച്ച് ദേവിക്ക് അഭിമുഖമായി ആൽമരച്ചുവട്ടിൽ വ്രതമെടുത്തവർ അണിനിരന്നു. പടയണിയുടെ അവസാനം ആഴിക്ക് ചുറ്റും താളത്തിലാടി ദേവിയുടെ കോപം അടക്കാനുള്ള സ്തുതികൾ പാടി. തുടർന്ന് ആഴിയിലെ ഭസ്മപ്രസാദം ചാർത്തി പിരിഞ്ഞു. മേൽശാന്തി അജയ് നമ്പൂതിരി , മനോജ് മാഞ്ചേരിൽ, വിനോദ് കൊടക്കല്ലുങ്കൽ , ഹരികൃഷ്ണൻ പനന്താനത്ത്, ബിജു കുഴിമറ്റത്തിൽ, മണി, രവി കുടക്കല്ലുങ്കൽ , വേണു പനന്താനത്ത്, ഗോപിനാഥൻ നായർ , രാമകൃഷ്ണൻ നായർ ശ്രീഭവൻ, തുടങ്ങിയവർ ചൂട്ടു പടയണിക്ക് നേതൃത്വം നൽകി. ചൂട്ടു പടയണിക്ക് ശേഷം എതിരേല്പും കളമെഴുത്തും പാട്ടും ഉണ്ടായിരുന്നു.