
തൊടുപുഴ: പി.ജെ. ജോസഫ് കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നതിനാൽ സ്ഥാനാർത്ഥിയില്ലാതെയായിരുന്നു തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫിന്റെ ഇതുവരെയുള്ള പ്രചാരണം. എന്നാൽ അവശതകളെല്ലാം മാറ്റിവച്ച് കരുത്തനായി പി.ജെ ഇന്ന് കളത്തിലിറങ്ങും. പഴയ ജോസഫല്ല തിരികെയെത്തുന്നത്. ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് സ്വന്തമാക്കി പഴയ ചിഹ്നമായ സൈക്കിൾ നേടിയെടുക്കാനാണ് പി.ജെ. തൊടുപുയ്ക്ക് വണ്ടി കയറുന്നത്. കൊവിഡ് നെഗറ്റീവായതിന് ശേഷം തിരുവനന്തപുരത്ത് സ്വയം നിരീക്ഷണത്തിലായിരുന്ന ജോസഫ് ഇന്ന് തൊടുപുഴ ബി.ഡി.ഒ മുമ്പാകെ നാമനിർദേശപത്രിക സമർപ്പിക്കും. പി.ജെ. ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്നലെ വഴിത്തലയിൽ റോഡ് ഷോ നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ കൺവെൻഷനുകളും മറ്റുമായി പ്രചരണം കൊഴുക്കും. പി.ജെയുടെ സാന്നിദ്ധ്യം യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശമാകുമെന്ന് തീർച്ച. പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും, ഇനിയുള്ള ദിവസങ്ങൾ പ്രചാരണം ഉച്ചസ്ഥായിയിലാകും. ഇതിനകം ഭൂരിഭാഗം സ്ഥാനാർത്ഥികളും പത്രിക നൽകി കഴിഞ്ഞു. ബാക്കിയുള്ലവർ ഇന്ന് പത്രിക നൽകും. മണ്ഡലങ്ങളിലെല്ലാം പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള ഓട്ടത്തിലാണ് ഓരോ സ്ഥാനാർത്ഥികളും. കുംഭച്ചൂട് വകവയ്ക്കാതെയാണ് പകലന്തിയോളം സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടർമാരെ തേടിയെത്തുന്നത്. വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർത്ഥികളും മത്സരിച്ച് മുന്നേറുന്നു. മൂന്ന് മുന്നണികളും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ച് തന്ത്രങ്ങൾ മെനഞ്ഞാണ് പ്രചാരണം. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും കൊണ്ടുപിടിച്ച പ്രചാരണമാണ് നടക്കുന്നത്.