ph

ചങ്ങനാശേരി: സോഷ്യൽ മീഡിയകളിൽ തരംഗമായി ന്യൂ ജെൻ ഇല്ല്യൂസ്ട്രേഷൻ ഫോട്ടോകൾ. ന്യൂ ജെൻ ഫോട്ടോ ഷൂട്ടുകൾക്ക് പിന്നാലെയാണ് പുതിയ ഫോട്ടോ മോഡലും രംഗത്തിറങ്ങിയത്. നിയമസഭ തിരഞ്ഞടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ സ്ഥാനാർത്ഥികളുടെ പ്രചരണവും മറ്റ് പ്രവർത്തനങ്ങളും കൊഴുക്കുകയാണ്. സോഷ്യൽ മീഡിയ ലൈവുകളും കൺവൻഷൻ സെന്ററിലെ ലൈവുകളും വീഡിയോകളുമാണ് തരംഗമാകുന്നത്. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം ഇല്ല്യൂസ്ട്രേഷൻ ഫോട്ടോകളാണ്. മുൻ കാലങ്ങളിൽ രാവിലെ ആരംഭിക്കുന്ന പ്രചരണ പരിപാടികൾ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് വൈകുന്നേരത്തോടെ സമാപിക്കുന്നു. തത്സ്ഥിതി മാറി വോട്ടർമാരെ കണ്ട് സംസാരിക്കുന്നതും അവർ സ്ഥാനാർത്ഥിയോട് പറയുന്നതും സംസാരിക്കുന്നതും മിനിയേച്ചർ രൂപത്തിൽ ഇല്യൂസ്ട്രേഷൻ ഫോട്ടോകളായി സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിക്കുന്നു.

കുട്ടികളുടെ മാസികകളിലെ കഥ പറയുന്ന സംഭാഷണ രൂപത്തിൽ ചിത്രങ്ങളിലാണ് ഇവ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളായ വാട്സ് ആപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, സ്റ്റോറികൾ, റീലുകൾ, സ്റ്റാറ്റസുകൾ, ഗ്രൂപ്പുകൾ എന്നിവയിലൂടെ പ്രചരണവും ചർച്ചകളും ശക്തമാകുന്നു. ചങ്ങനാശേരി ഇത്തിത്താനം സ്വദേശി പോസ്റ്റർ ഡിസൈനറായ പ്രസന്നൻ ഇത്തിത്താനമാണ് ഇത്തരത്തിൽ ഫോട്ടോകൾ തയ്യാറാക്കിയത്.