
കോട്ടയം: സംസ്ഥാനത്ത് ഏവരും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി മാറി പൂഞ്ഞാർ. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ചതുഷ്കോണ മത്സരം ആവർത്തിക്കുകയാണിവിടെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളെയും പിന്നിലാക്കി വിജയിച്ചുകയറിയത് ജനപക്ഷം നേതാവ് പി.സി. ജോർജാണ്. 27,821 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോർജ് നിയമസഭയിലെത്തിയത്. ഇക്കുറിയും ഇത് നടക്കുമെന്ന് ജോർജിന്റെ അനുയായികൾ അവകാശപ്പെടുമ്പോൾ അത് പഴങ്കഥയാവുമെന്നാണ് മൂന്നു മുന്നണികളും പറയുന്നത്.
കാർഷിക മേഖല
കോട്ടയം ഡി.സി.സി പ്രസിഡന്റായിരുന്ന ടോമി കല്ലാനിയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസ്-എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബി.ഡി.ജെ.എസിലെ എം.പി. സെൻ എൻ.ഡി.എ മുന്നണിയിലും മത്സരിക്കുന്നു. ചുരുക്കത്തിൽ തീപാറുന്ന മത്സരമാവും വരും ദിവസങ്ങളിൽ ഇവിടെ ദർശിക്കാൻ പോവുന്നത്.
കാർഷിക മേഖലയാണ് പൂഞ്ഞാർ മണ്ഡലം. പുഴയും തോടും പാറക്കൂട്ടങ്ങളും നിറഞ്ഞ നാട്. ക്രൈസ്തവർക്ക് മുൻതൂക്കമുള്ള മണ്ഡലമായ പൂഞ്ഞാറിൽ ഈഴവ സമുദായത്തിനും ഏറെ സ്വാധീനമുണ്ട്. ഇക്കുറി ഇവിടെ മത്സരിക്കുന്ന നാലു സ്ഥാനാർത്ഥികളും രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞവരാണ്.
വികസനം ചൂണ്ടിക്കാട്ടി ജോർജ്
മണ്ഡലത്തെ വികസനത്തിന്റെ പാതയിലെത്തിച്ചത് തന്റെ പ്രയത്നം കൊണ്ടാണെന്നാണ് പി.സി. ജോർജിന്റെ അവകാശവാദം. റോഡുകൾ ഉണ്ടാക്കാനും അത് പരിപാലിക്കാനും ജോർജ് ഏറെ ശ്രദ്ധിച്ചിരുന്നു. ജോർജിന്റെ സ്വതസിദ്ധമായ അഭിസംബോധനകളും പൂഞ്ഞാറുകാർക്ക് ഏറെ ഇഷ്ടമാണ്. ഇത് വോട്ടാക്കിമാറ്റിയാൽ ജോർജ് തന്നെയാവും വീണ്ടും പൂഞ്ഞാറിന്റെ സാരഥി. പക്ഷേ, ഇക്കുറി എന്താവുമെന്ന് കണ്ടറിയണം.
ജില്ലാ പഞ്ചായത്തിൽ നേട്ടം
മണ്ഡലത്തിൽ തന്നെയുള്ള ടോമി കല്ലാനി ഇതിനിടെ രണ്ടു വട്ടം പര്യടനം പൂർത്തിയാക്കിക്കഴിഞ്ഞു. ആളുകളെ നേരിൽകണ്ടാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. സൗമ്യമായ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായ ടോമി കോട്ടയം ബാറിലെ അഭിഭാഷകൻകൂടിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വോട്ട് അഭ്യർത്ഥിക്കുന്നത്. ഇടതുമുന്നണി ഘടകകക്ഷികളുടെ വോട്ടും കേരള കോൺഗ്രസിന്റെ വോട്ടം പെട്ടിയിൽ വീണാൽ കുളത്തുങ്കലിന്റെ വിജയം സുനിശ്ചിതമാണ്.
വോട്ട് വിഹിതം കൂടുമെന്ന് എൻ.ഡി.എ
എം.ആർ ഉല്ലാസിനെയാണ് ബി.ഡി.ജെ.എസ് ഇവിടെ സ്ഥാനാർത്ഥിയാക്കിയിരുന്നതെങ്കിലും എയ്ഡഡ് സ്കൂൾ അദ്ധ്യാപകൻ മത്സരിക്കരുതെന്ന കോടതി വിധിക്കെതിരെ നല്കിയ അപ്പീലിൽ തീർപ്പ് വൈകിയതോടെയാണ് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റായ എം.പി. സെന്നിന് നറുക്കുവീണത്. കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസിന് 19,966 വോട്ടാണ് ലഭിച്ചത്. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് എൻ.ഡി.എ യുടെ അവകാശവാദം. മലയോര മേഖലയിൽ പാർട്ടി വളർന്നിട്ടുണ്ടെന്നും ഇക്കുറി തങ്ങൾ കൂടുതൽ വോട്ടുകൾ നേടുമെന്നും അവർ പറയുന്നു.
ജോർജിന് ലഭിച്ചത് 63,621 വോട്ടുകൾ
2016ൽ സ്വതന്ത്രർ ഉൾപ്പെടെ 17 സ്ഥാനാർത്ഥികളാണ് പൂഞ്ഞാറിൽ മത്സരിച്ചത്. പി.സി ജോർജ് 63,621 വോട്ട് നേടിയപ്പോൾ കേരള കോൺഗ്രസ്-എമ്മിലെ ജോർജുകുട്ടി ആഗസ്തി 35,800 വോട്ടുകളും, ജനാധിപത്യ കേരള കോൺഗ്രസിലെ പി.സി. ജോസഫ് 22,270 വോട്ടുകളുമാണ് നേടിയത്.
കഴിഞ്ഞ തിരഞ്ഞെെടുപ്പിൽ 1,83,590 വോട്ടർമാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി അത് 1,87,280 വോട്ടർമാരായി ഉയർന്നിട്ടുണ്ട്. 93,884 സ്ത്രീ വോട്ടർമാരും 93,396 പുരുഷ വോട്ടർമാരുമാണുള്ളത്.