ദേശീയപാതയോരത്ത് ഭീഷണിയായി വൻമരങ്ങൾ

മുണ്ടക്കയം: കാറ്റൊന്ന് വീശിയാൽ ഭയമാണ്... മരം നിലപൊത്തിയാൽ പിന്നെ എന്താകും അവസ്ഥ! ദേശീയപാതയോരത്ത് മരത്തിന്റെ രൂപത്തിൽ അപകടം തലപൊക്കുകയാണ്. ഇടുക്കി ജില്ലയിൽ പെരുവന്താനം പഞ്ചായത്ത് പ്രദേശമായ മരുതുംമൂടിന് സമീപവും, കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തിലെ ചിറ്റടിക്കും ചോറ്റിക്കും സമീപവുമാണ് വൻമരങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി മാറുന്നത്. ദേശീയപാതയിൽ മരുതുംമൂട് 36–ാം മൈലിൽ റോഡരികിലെ തിട്ടയിലായി നിൽക്കുന്ന മരത്തിന്റെ ചുവട്ടിലെ മണ്ണും, കല്ലുകളും ഒലിച്ചുപോയ അവസ്ഥയിലാണ്. പാറത്തോട് മുതൽ കുട്ടിക്കാനം വരെ പാതയോരത്തെ പല മരങ്ങളും സമാന അവസ്ഥയിലാണ്. കാറ്റിലും മഴയിലും ഈ മേഖലയിൽ മരങ്ങൾ റോഡിലേക്ക് പതിച്ച് വാഹനഗതാഗതം തടസപ്പെടുന്ന സംഭവങ്ങൾ പതിവാണ്.

വഴിമാറുമോ ദുരന്തം

വാഹനങ്ങൾ കടന്നു പോകുന്ന സമയം മരം റോഡിലേക്ക് പതിച്ചാൽ വലിയ അപകടത്തിന് സാധ്യത ഏറെയാണ്. മരം വെട്ടിമാറ്റണമെന്ന് ദേശീയപാത വിഭാഗം അധികൃതരോട് പഞ്ചായത്ത് പലതവണ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ നടപടി നീളുകയാണ്.