
കോട്ടയം: കമുകിൻ കാലിൽ ആറടി ഉയരത്തിലുള്ള ഫ്‌ളെക്‌സ് ബോർഡിൽ സ്ഥാനാർത്ഥിയുടെ 'പൂർണകായ' ചിത്രം വയ്ക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഒരു നോട്ടത്തിന് വോട്ടറുടെ മനസിലേയ്ക്ക് കയറാൻ കഴിയുന്ന ഫോട്ടോയുടെ കാലമാണിപ്പോൾ. പല കോണുകളിൽ ഘടിപ്പിച്ച ബൾബുകളുടെ വെള്ളിവെളിച്ചത്തിൽ കൈ പൊക്കി ചിരിച്ചു കാണിക്കുന്ന പടത്തിനു പകരം നാട്ടുകാർക്കൊപ്പം അവരിലൊരാളായി മാറുന്ന ഔട്ട്‌ഡോർ ചിത്രങ്ങൾക്ക് ഡിമാൻഡ് കൂടി.
കളർഫുൾ ആകണം
വെള്ളയ്ക്ക് പകരം ഭൂരിപക്ഷം സ്ഥാനാർത്ഥികൾക്കും നിറമുള്ള വസ്ത്രങ്ങൾ വേണം. 'വിരസനായ' നേതാവല്ലെന്ന് തെളിയിക്കാനും ആൾക്കൂട്ടത്തിൽ വേറിട്ടു നിൽക്കാനും നല്ലത് നിറമുള്ള വസ്ത്രമാണ്. രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട് കേരളത്തിന് പുറത്തു നിർമിക്കുന്ന ഖാദി ഷർട്ടുകളാണ് പുതിയ ട്രെൻഡ്. അളവും നിറവും ആവശ്യവും ഓൺലൈൻ ആയി നൽകിയാൽ നാലു ദിവസത്തിനകം ഷർട്ട് എത്തും. ഒറ്റനോട്ടത്തിൽ ഖദർ എന്നു തോന്നിക്കുന്ന വില കൂടിയ ലിനൻ ഷർട്ടുകളിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവരുമുണ്ട്. സാരിയും കളർഫുൾ ലുക്കിലേയ്ക്ക് കടന്നു. പോസ്റ്ററിന്റെ തീമും പശ്ചാത്തലവും നോക്കിയാണ് ഇപ്പോൾ സാരിയുടുപ്പും ഫോട്ടോയെടുപ്പും.
ക്രിയേറ്റിവിറ്റിയാണ് മുഖ്യം
ഫോട്ടോ കഴിഞ്ഞാൽ പ്രധാനം വാട്‌സാപിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവയ്ക്കാനുള്ള ലഘു വീഡിയോകളാണ്. സംസ്ഥാനതലത്തിൽ പലരും ലൂസിഫർ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയും ബിഗ് ബി സിനിമയിലെ ബിലാലും ആകാൻ ശ്രമിച്ച് വിഡിയോ ഇറക്കുന്നുണ്ട്. എന്നാൽ കോട്ടയം ജില്ലയിലെ സ്ഥാനാർത്ഥികൾ അത്രയും 'മാസ്' ആയിട്ടില്ല.
സ്ഥാനാർത്ഥികളുടെ മുണ്ടും മുണ്ടിന്റെ കരയും മാത്രമല്ല, വാച്ചും മോതിരവും മാലയും കമ്മലും ചെരുപ്പും വരെ 'ക്രിയേറ്റീവ് ഹെഡു'മാരുടെ പരിശോധനയ്ക്ക് വിധേയമായേ പടമാകൂ. സ്റ്റീഫൻ ഹിറ്റായതോടെ സ്ട്രാപ്പ് വാച്ചിനാണ് പ്രിയം. പുത്തൻ സ്മാർട് വാച്ചുകൾ ധരിച്ച് യൂത്തിനോടൊപ്പം പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവരുമുണ്ട്. കമ്മലും മോതിരവുമെല്ലാം 'സിമ്പിൾ' ആയിരിക്കണമെന്നാണ് നിർദേശം.
കാൻഡിഡ് മതി
സ്ഥാനാർത്ഥികൾക്കൊപ്പം സഞ്ചരിച്ച് സ്വാഭാവികമായ 'കാൻഡിഡ് " ഫോട്ടോകൾ ഒപ്പുകയാണ് ഫോട്ടോഗ്രാഫർമാരുടെ പണി. ദിവസവും മാറി മാറിയുന്ന മണ്ഡലത്തിലെ ചൂടും സംസ്ഥാന രാഷ്ട്രീയത്തിലെ മൂഡും അനുസരിച്ച് അന്നന്നു തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്യാൻ പ്രത്യേക ആളുകളെ ഒപ്പംകൂട്ടിയിട്ടുണ്ട്.