
കോട്ടയം : രാഷ്ട്രീയത്തിനപ്പുറം സമുദായ സമവാക്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന മണ്ഡലമാണ് ചങ്ങനാശേരി. ഇടതു മുന്നണിയിൽ പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസിന്റെ യുവതാരമായ ജോബ് മൈക്കിളിലൂടെ പിടിച്ചെടുക്കാൻ ഇടതു മുന്നണി ആഞ്ഞു ശ്രമിക്കുമ്പോൾ, ജോസഫ് വിഭാഗത്തിന്റെ വി.ജെ.ലാലിയിലൂടെ സീറ്റ് നിലനിറുത്താൻ യു.ഡി.എഫും പരിശ്രമിക്കുന്നു. കോൺഗ്രസ് വിട്ട ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായരുടെ വ്യക്തി ബന്ധങ്ങളിലൂടെ ഒരു കൈ നോക്കാൻ എൻ.ഡി.എയും കളത്തിലിറങ്ങിയിട്ടുണ്ട്.
യു.ഡി.എഫിൽ സീനിയർ കോൺഗ്രസ് നേതാവ് കെ.സി. ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ ഉമ്മൻചാണ്ടി പിടി മുറുക്കിയെങ്കിലും അവസാനം ജോസഫ് വിഭാഗത്തിന് സീറ്റ് നൽകേണ്ടി വന്നു. അവിടെ കെ.എഫ് വർഗീസ് , സി.എഫ് തോമസ് എം.എൽ.എയുടെ സഹോദരൻ സാജൻ ഫ്രാൻസിസ് എന്നിവർ അവകാശമുന്നയിച്ചെങ്കിലും അവസാനം വി.ജെ. ലാലിക്കായി സീറ്റ് . കോൺഗ്രസിന് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് റേഷൻ ഡീലേഴ്സ് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ റിബലായി പത്രിക നൽകുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.എഫ് .തോമസിന്റെ ലീഡ് കുറയ്ക്കാൻ ഇടതു മുന്നണി ഘടകകക്ഷിനേതാവായ കെ.സി.ജോസഫിന് (ജനാധിപത്യ കേരളകോൺഗ്രസ്) കഴിഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പിലും കെ.സി ജോസഫ് സീറ്റ് മോഹിച്ചെങ്കിലും ലഭിച്ചില്ല. മൊത്തത്തിൽ അസംതൃപ്തരായ മുന്നണി സ്ഥാനാർത്ഥികളുടെ മത്സരമാണ് ചങ്ങനാശേരിയിൽ നടക്കുന്നതെന്നു പറയാം.
കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗമാണ് അഡ്വ. ജോബ് മൈക്കിൾ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായിരുന്നു . കഴിഞ്ഞ തിരഞ്ഞെടുപ്പിലും സീറ്റ് പ്രതിക്ഷിച്ചിരുന്നു.
വി.ജെ.ലാലി ജോസഫ് വിഭാഗം ഉന്നതാധികാരസമിതിയംഗമാണ്. ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അദ്ധ്യാപകനെന്ന നിലയിൽ നല്ല ശിഷ്യ സമ്പത്തുണ്ട്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ജി. രാമൻ നായർ സംസ്ഥാനതല സീനിയർ കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായിരുന്നു.
 നിർണായകം
ചങ്ങനാശേരിയിൽ നല്ല ബന്ധങ്ങളുള്ളവരാണ് മൂന്നു സ്ഥാനാർത്ഥികളും. മണ്ഡലത്തിൽ കത്തോലിക്ക സഭയ്ക്കും  എൻ.എസ്.എസിനുമൊപ്പം ഈഴവ സമുദായത്തിനും നിർണായക സ്വാധീനമുണ്ട്.
മണ്ഡലചിത്രം
ചങ്ങനാശേരി നഗരസഭയും കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ചങ്ങനാശേരി മണ്ഡലം. യു. ഡി. എഫിന് ഏറെ സ്വാധീനമുള്ള ചങ്ങനാശേരിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒപ്പമെത്താൻ ഇടതു മുന്നണിക്ക് കഴിഞ്ഞിരുന്നു.
 2016 ലെ ഫലം
സി.എഫ്.തോമസ് (യു..ഡി.എഫ് ) : 50371
കെ.സി. ജോസഫ് (എൽ.ഡി.എഫ് ) : 48522
ഏറ്റുമാനൂർ രാധാകൃഷ്ണൻ (എൻ..ഡി..എ) : 21455
ഭൂരിപക്ഷം: 1849
്റ