പൊൻകുന്നം: വിവാഹവാർഷികദിനം പതിവ് ചടങ്ങുകളൊന്നുമില്ലാതെ സ്ഥാനാർത്ഥി പ്രവർത്തകർക്കൊപ്പം മണ്ഡലപര്യടനത്തിലായിരുന്നു. വിവാഹവാർഷികമാണെന്ന കാര്യം ആരേയും അറിയിക്കാതെയായിരുന്നു കാഞ്ഞിരപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എൻ.ജയരാജ് പ്രവർത്തകർക്കൊപ്പം പ്രചാരണത്തിനിറങ്ങിയത്.ഭാര്യ ഗീതയുടെ ഫോൺകോൾ ഇടയ്ക്കിടെ വരുന്നതും ജയരാജിന്റെ സംഭാഷണവും ശ്രദ്ധിച്ച പ്രവർത്തകർക്ക് കാര്യം മനസിലായി. സംഗതി ഉറപ്പിക്കാൻ അവർ ഒരു രഹസ്യാന്വേണവും നടത്തി. കറുകച്ചാലിലെ പര്യടനം കഴിഞ്ഞ് വാഴൂർ പഞ്ചായത്തിലെ കൊടുങ്ങൂരെത്തിയപ്പോൾ ജയരാജിന്റേയും ഗീതയുടേയും 31ാം വിവാഹവാർഷികത്തിന് ആശംസ നേർന്നുകൊണ്ടുള്ള കേക്ക് റെഡി.സ്ഥാനാർത്ഥിയെ ഞെട്ടിച്ച ഒരുക്കങ്ങളായിരുന്നു അവിടെ കണ്ടത്. പുഷ്പവൃഷ്ടി നടത്തിയും പടക്കംപൊട്ടിച്ചും ഇടതുമുന്നണിപ്രവർത്തകരും നേതാക്കളും ആശംസകൾ നേർന്നു. അവർക്കൊപ്പം കേക്ക് മുറിച്ച ജയരാജ് വീഡിയോകോളിലൂടെ ഭാര്യയേയും ഒപ്പംകൂട്ടി.