obit-subin-30

കട്ടപ്പന: കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെറ്റിത്തൊഴു കൂരാപ്പള്ളി സുബിൻ ഐപ്പ് (30) ആണ് മരിച്ചത്. സുബിന്റെ ഒപ്പം സഞ്ചരിച്ച അമ്മ മിനി (50), അപകടത്തിൽപെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരൻ പുളിയൻമല കൊല്ലപ്പറമ്പിൽ മഹേഷ് (20) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെ പുറ്റടി ഫെഡറൽ ബാങ്ക് ശാഖയ്ക്ക് സമീപമാണ് അപകടം. പുളിയൻമലയിലെ ഏലത്തോട്ടത്തിൽ സൂപ്പർവൈസറായ സുബിനും ഇതേ തോട്ടത്തിലെ ജീവനക്കാരിയായ മിനിയും ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴാണ്, എതിരെവന്ന മഹേഷിന്റെ ബൈക്കുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂവരും വാഹനങ്ങളിൽ നിന്ന് തെറിച്ചുപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബിനെ പുറ്റടി സി.എച്ച്.സിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടൻമേട് പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം സുബിന്റെ മൃതദേഹം സംസ്‌കരിച്ചു. രേഷ്മയാണ് ഭാര്യ. മകൻ സൗമേൽ.