nomination

കോട്ടയം : പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ ജില്ലയിൽ രണ്ടിടങ്ങളിൽ ചതുഷ്‌കോണ മത്സരം ഉറപ്പായി. ലതികാ സുഭാഷിന്റെ വരവോടെ ഏറ്റുമാനൂരും പി.സി.ജോർജിന്റെ മത്സരം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാറിലുമാണ് ചതുഷ്കോണ മത്സരം. ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയിൽ ചങ്ങനാശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ.ലാലിയുടെ പത്രിക ആദ്യം മാറ്റിവച്ചെങ്കിലും പിന്നീട് സ്വീകരിച്ചു. സമർപ്പിക്കപ്പെട്ട 83 നാമനിർദേശ പത്രികകളിൽ 13 എണ്ണം സൂക്ഷ്മ പരിശോധനയിൽ തള്ളി. പാർട്ടികളുടെ ഡമ്മി സ്ഥാനാർഥികളും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ജില്ലയിൽ മത്സര രംഗത്ത് ശേഷിക്കുന്നവരുടെ എണ്ണം 70 ആയി. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി നിയോജകമണ്ഡലങ്ങളിലെ മുഴുവൻ പത്രികകളും അംഗീകരിച്ചു. ഏറ്റുമാനൂർ : 9, കടുത്തുരുത്തി : 6, കോട്ടയം : 6, പാലാ : 11, പൂഞ്ഞാർ : 10, ചങ്ങനാശേരി : 10, കാഞ്ഞിരപ്പള്ളി : 5, വൈക്കം : 7, പുതുപ്പള്ളി : 6 എന്നിങ്ങനെയാണ് ശേഷിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം. 22 നാണ് പത്രിക പിൻവലിക്കേണ്ട അവസാന തീയതി.

പോർനിലം ചൂടുപിടിച്ചു

പത്രികാ സമ‌ർപ്പണം കഴിഞ്ഞതോടെ പോർനിലം ചൂടുപിടിച്ചു. ഇനി മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നേതാക്കളുമെല്ലാം ജില്ലയിൽ നിറയും. 22 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലയിൽ നടക്കും. പാലായിലാണ് തുടക്കം. അമിത്ഷാ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലും, രാഹുൽ ഗാന്ധിഅടക്കമുള്ള ദേശീയ നേതാക്കളും ജില്ലയിലെത്തും.