patrika

കോട്ടയം: നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിൽ രണ്ടിടങ്ങളിൽ ചതുഷ്‌കോണ മത്സരം. ലതികാ സുഭാഷിന്റെ വരവോടെ ഏറ്റുമാനൂരും പി.സി.ജോർജിന്റെ മത്സരം കൊണ്ട് പൂഞ്ഞാറിലുമാണ് ചതുഷ്‌കോണ മത്സരം നടക്കുന്നത്. ലതികാ സുഭാഷും എൻ ഡി എ സ്ഥാനാർത്ഥികളും ഇന്നലെ പത്രിക സമർപ്പിച്ചു.

ത്രികോണ മത്സരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച ഏറ്റുമാനൂരിൽ ഇന്നലെ രാവിലെയാണ് ലതിക പത്രിക സമർപ്പിച്ചത്. തലേന്ന് വരെ ലതികയെ അനുനയിപ്പിക്കാനുള്ള നീക്കമുണ്ടായെങ്കിലും ഏശിയില്ല. നൂറോളം അനുയായികൾക്കൊപ്പമായിരുന്നു ലതികയുടെ പത്രികാ സമർപ്പണം. ബി.ഡി.ജെ.എസ് മത്സരിക്കാനിരുന്ന ഏറ്റുമാനൂരിൽ ഇന്നലെ ബി.ജെ.പിയും പത്രിക സമർപ്പിച്ചു. പൂഞ്ഞാറിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി എം.പി.സെൻ ഇന്നലെ പത്രിക നൽകി. തൊട്ടുപിന്നാലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവും പത്രിക സമർപ്പിച്ചെങ്കിലും നോബിളിന്റെ പത്രിക പിൻവലിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

പത്രികാ സമർപ്പണം പൂർത്തിയായതോടെ സ്ഥാനാർത്ഥികൾ മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചാരണത്തിലാണ്. പോളിംഗിന് ഇനി അധിക ദിവസമില്ലാത്തതിനാൽ പരമാവധി ആളുകളെ നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അടുത്തയാഴ്ച മുഖ്യമന്ത്രിയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും നേതാക്കളുമെല്ലാം ജില്ലയിലെത്തും.

പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി പൂർത്തിയായപ്പോൾ ജില്ലയിൽ മത്സര രംഗത്തുള്ളത് 83 പേർ. ഏറ്റവുമധികം സ്ഥാനാർത്ഥികൾ പാലാ മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ പത്രിക നൽകിയത്. ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളിയിൽ: അഞ്ച് പേർ. പത്രികകളുടെ സൂക്ഷ്മ പരിശോധന അതത് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഇന്ന് നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി 23 ആണ്.