
കോട്ടയം : ഏറ്റുമാനൂരിന്റെ മനസ് പ്രവചനാതീതമാണ്. മുന്നണികളെ മാറി മാറി പരീക്ഷിക്കും. വേണ്ടിവന്നാൽ സ്വതന്ത്രരെയും വിജയിപ്പിക്കും.രണ്ട് വിമത സ്വതന്ത്രരെ വിജയിപ്പിച്ച ചരിത്രവും മണ്ഡലത്തിന് സ്വന്തം. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലം ചതുഷ്കോണമത്സരത്തിനാണ് വേദിയാവുക. കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാകോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷ ലതികാസുഭാഷ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ കേരള കോൺഗ്രസ് ജോസഫിലെ പ്രിൻസ് ലൂക്കോസിന് ഭീഷണി ഉയർത്തി റിബലായി മത്സരിക്കുന്നു. ലതിക എത്ര വോട്ടു പിടിക്കുമെന്നത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയ പരാജയത്തെ സ്വാധീനിക്കാം. മുന്നണികളെ വെല്ലുവിളിച്ച് ജനതാപാർട്ടി നേതാവ് പി.ബി.ആർ.പിള്ളയും, സ്വതന്ത്രനായി ജോസഫ് പൊടിപാറയും ഏറ്റുമാനൂരിൽ വിജയം കണ്ടതാണ്. പഴയകാല ചരിത്രം ലതികയ്ക്ക് തുണയാകുമോ എന്നതിന് കാത്തിരിക്കണം.
സുരേഷ് കുറുപ്പ് തുടർച്ചയായി രണ്ട് തവണ ചുവപ്പിച്ച ഏറ്റുമാനൂരിനെ വീണ്ടും ചുവപ്പിക്കാനുള്ള നിയോഗവുമായാണ് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ മത്സരിക്കുന്നത്. ഇടത് തുടർഭരണത്തിനൊപ്പം വാസവനും വിജയിച്ചാൽ ഏറ്റുമാനൂരിൽ നിന്ന് ആദ്യമായൊരു മന്ത്രിയുമുണ്ടാകും. മികച്ച സംഘാടകൻകൂടിയായ വാസവൻ അഭയം ചാരിറ്റബിൾ സൊസൈറ്റി അദ്ധ്യക്ഷനെന്ന നിലയിൽ പ്രളയകാലത്തും, കൊവിഡ് കാലത്തും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനാണ്. കോട്ടയം മുൻ എം.എൽ.എയാണ്. ഏറ്റുമാനൂർ മണ്ഡലത്തിലുള്ള മെഡിക്കൽ കോളേജിനെ കോടികളുടെ വികസന പദ്ധതികളിലൂടെ എല്ലാ ആധുനിക സജ്ജീകരണങ്ങളോടെ കേരളത്തിലെ മികച്ച മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തലത്തിലേക്ക് ഉയർത്തിയതിൽ വികസനസമിതിയിലെ ഏക അനൗദ്യോഗിക അംഗമായ വാസവന്റെ പങ്ക് പ്രധാനമാണ്. റബ്കോ ഡയറക്ടറായിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ വാസവൻ നവലോകം സാരഥിയാണ്.
മുൻ കോൺഗ്രസ് നേതാവ് ഒ.വി.ലൂക്കോസിന്റെ മകനായ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് കെ.എസ്.സി, യൂത്ത്ഫ്രണ്ട് നേതൃനിരയിൽ തിളങ്ങി. ഇപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതിയംഗവും, അഭിഭാഷകനും, നോട്ടറി പബ്ലിക്കുമാണ്. കത്തോലിക്ക സഭയുമായും അടുത്ത ബന്ധമുണ്ട്. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിനായിരുന്നു ആദ്യം സീറ്റ്. രണ്ടു സ്ഥാനാർത്ഥികളുടെ പേരുകൾ പ്രചരിച്ച ആശയക്കുഴപ്പത്തിനൊടുവിൽ ബി.ഡി.ജെ.എസിന് പകരം പകരം ബി.ജെ.പിയുടെ ടി.എൻ.ഹരികുമാറാകും മത്സരിക്കുക. എ.ബി.വി.പി ജില്ലാ സെക്രട്ടറിയായാണ് ഹരികുമാർ പൊതുപ്രവർത്തന രംഗത്തെത്തിയത്. കോട്ടയം നഗരസഭാ കൗൺസിലറായിരുന്നു. സാംസ്കാരിക രംഗത്തും ശ്രദ്ധേയനാണ്. 2006 ൽ കോട്ടയത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. നാട്ടുകാരുടെ സമ്മർദ്ദത്താൽ മത്സരിക്കുന്ന ലതികാ സുഭാഷ് പ്രഥമ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെ മത്സരിച്ചിരുന്നു.
നിർണായകം
ഈഴവ ഭൂരിപക്ഷ മണ്ഡലമാണ് ഏറ്റുമാനൂർ. ഇടതുമുന്നണി സ്ഥാനാർത്ഥിത്വം നേരത്തേ പ്രഖ്യാപിച്ചതിനാൽ പ്രചാരണത്തിൽ ഏറെ മുന്നേറാൻ വാസവന് കഴിഞ്ഞിട്ടുണ്ട്. യു.ഡി.എഫിലെ സീറ്റുതർക്കം നീണ്ടതിന്റെ ക്ഷീണവും ലതികയുടെ സ്ഥാനാർത്ഥിയായുള്ള വരവും പ്രിൻസ് ലൂക്കോസിന് തിരിച്ചടിയാണ്. എന്നാലും പ്രചാരണരംഗത്ത് ഒപ്പമെത്താൻ പ്രിൻസിനായി.
മണ്ഡലചിത്രം
കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകളും ഏറ്റുമാനൂർ നഗരസഭയും ഉൾപ്പെടുന്നതാണ് മണ്ഡലം.
2016 നിയമസഭാ തിരഞ്ഞെടുപ്പ് ഫലം
സുരേഷ് കുറുപ്പ് (എൽ.ഡി.എഫ്) : 53805
തോമസ് ചാഴികാടൻ (യു.ഡി.എഫ്) : 44906
എ.ജി തങ്കപ്പൻ (എൻ.ഡി.എ) : 27540
ഭൂരിപക്ഷം : 8899