
കോട്ടയം : തിരഞ്ഞെടുപ്പ് അടുത്താൽ ജീപ്പിന് മുന്നിലും വലിയ മരത്തിന് മുകളിലുമൊക്കെ വലിഞ്ഞു കയറി ചെവിപൊട്ടുംവിധം ഗർജിച്ചിരുന്നൊരു പഴയൊരു സിംഹത്തെ അവിചാരിതമായി കണ്ടു. ഇപ്പോൾ പല്ലുകൊഴിഞ്ഞ് പൊടിപിടിച്ച് ഗോഡൗണിലാണ് വാസം. കോടതിവിധിയിൽ ജീവിതം തലകീഴായി മറിഞ്ഞ കോളാമ്പിയുമായി രാഹുൽ ചന്ദ്രശേഖർ നടത്തിയ അഭിമുഖം.
പ്രതാപ കാലത്തെ ഓർമകൾ എന്തൊക്കെയാണ് ?
ഡിസംബർ മുതൽ നിലത്തെങ്ങുമല്ലായിരുന്നു. ക്രിസ്മസ്, പെരുന്നാളുകൾ, ഉത്സവങ്ങൾ. പിന്നെ അഞ്ചു വർഷം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പ്. എല്ലാത്തിനും എന്നെ വേണം. ജീപ്പിന്റെയും വാനിന്റെയുമൊക്കെ മുകളിൽ കയറി പാട്ടും പ്രസംഗവുമൊക്കെ കേൾപ്പിച്ച് നാടുമുഴുവൻ ഓടും. അതല്ലെങ്കിൽ തേക്കിന്റെയും ആലിന്റെയുമൊക്കെ തുഞ്ചത്ത് കയറി നാട്ടുകാരെ മുഴുവൻ അറിയിക്കും. വെറുതെ പിള്ളേര് ഞങ്ങളെ കൈയിലെടുത്ത് എന്റെ മൂട് ചുണ്ടോട് ചേർത്ത് ആരുടെയേലും ചെവിലേക്ക് അടുപ്പിച്ച് വർത്തമാനവും പറയുമായിരുന്നു. ഞങ്ങൾ രണ്ട് തരക്കാരുണ്ട്. നീളമുള്ള ട്രമ്പറ്റ് മോഡൽ. പിന്നെ അകത്ത് കൂമ്പുള്ള മോഡൽ. 120 ഡെസിബെൽ വരെയായിരുന്നു ശബ്ദം.
എന്താണ് തിരഞ്ഞെടുപ്പ് ഓർമകൾ
ഇന്നത്തെ പോലെ സോഷ്യൽമീഡിയ സജീവമല്ലല്ലോ അന്ന്. അതുകൊണ്ട് മണിക്കൂറുകൾ തുടർച്ചയായി തൊണ്ടപൊട്ടി അലറും. സ്ഥാനാർത്ഥിയ്ക്കും നേതാക്കൾക്കും പറയാനുള്ളത് നാട്ടുകാരെ അറിയിക്കലായിരുന്നു പ്രധാന ജോലി. ജീപ്പിന്റെ മുന്നിലും പുറകിലും കെട്ടിവച്ച് നാടുമുഴുവൻ സ്ഥാനാർത്ഥിയുടെ ഗുണഗണങ്ങൾ വർണിച്ച് കടന്നു പോകും. വലിയ മൈതാനങ്ങളിലാകും തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾ. മണിക്കൂറുകൾ നീളുന്ന പ്രസംഗവും പാട്ടുമൊക്കെയായി സമ്പുഷ്ടകാലം.
ഇങ്ങനെയായതിൽ സങ്കടമുണ്ടോ?
അതെന്നാ ചോദ്യമാ? ശബ്ദമലിനീകരണമെന്ന് പറഞ്ഞാണ് ഞങ്ങളെ പടിയടച്ച് പിണ്ഡം വച്ചത്. അമ്പലങ്ങളിൽ കോളാമ്പി വേണ്ടെന്ന് ദേവസ്വം ബോർഡും നിലപാടെടുത്തു. ചിലർ ബോക്സിനുള്ളിൽ ഞങ്ങളെ തിരുകി വച്ച് ഉപയോഗിച്ചിരുന്നെങ്കിലും റിസ്ക് എടുക്കാൻ വയ്യാതായപ്പോൾ ഉപേക്ഷിച്ചു. ചിലർ കൂട്ടത്തോടെ ആക്രിക്കാർക്ക് തൂക്കിവിറ്റു. ചിലർ സ്മാരകമായി ഗോഡൗണിൽ തള്ളി. പൊടിയും ചുക്കിലിയും പിടിച്ചു. തൊലിപ്പുറത്ത് നിന്ന് തുരുമ്പ് ഉള്ളിലേയ്ക്ക് കയറി. ഇങ്ങനെ ഇവിടെ കിടന്ന് നരകിക്കാനാകും വിധി. പിന്നെ പേര് നിലനിറുത്താൻ കോളാമ്പിപ്പൂവും മുറുക്കിത്തുപ്പുന്ന പാത്രവുമൊക്കെയുണ്ടല്ലോ.
ന്യൂജൻ ബോക്സ് പിള്ളാരെങ്ങനാ?
എല്ലാവനും ജാഡയാ. ഒന്നും രണ്ടും സ്പീക്കർ ഉപയോഗിച്ചായിരുന്നു ബോക്സുകളുടെ തുടക്കം. അത് വികസിച്ച് സ്ക്വയർ ബോക്സുകളായി. ഇപ്പോൾ ഒരുത്തൻ വന്നിട്ടുണ്ട് പേര് ലൈനറൈ. വിലയ കനമില്ല. കയറിൽ കെട്ടിത്തൂക്കിയിടാം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അമിത് ഷായുടെ പരിപാടിയ്ക്ക് മൊത്തം അവന്മാരായിരുന്നു. 80 ഡെസിബെൽ വരെയാണ് ശബ്ദം. കടുകുമണി നിലത്തുവീണാൽ പോലും കേൾക്കും അത്രയ്ക്ക് നല്ല ക്ളാരിറ്റിയുമാണ്. പിന്നെ ജാഡ എടുക്കാമല്ലോ!
പുതിയ ആളുകൾക്കുള്ള ഉപദേശമെന്താ?
ലോക്ക് ഡൗൺ കാലത്താണ് എല്ലാവരേയും കാണാനായത്. ഏഴെട്ടുമാസം ഒരുമിച്ച് മുറിയിലുണ്ടായിരുന്നു. ആദ്യമൊക്കെ പുച്ഛിച്ച് നടന്ന ന്യൂജെൻ പിള്ളേർ കുറേക്കഴിഞ്ഞപ്പോൾ മിണ്ടാനൊക്കെ തുടങ്ങി. അവൻമാർക്ക് ചെറിയൊരു ഉപദേശവും കൊടുത്തു. കാലം മാറി. ടെക്നോളജി മാറി. ഇന്ന് ഞാൻ നാളെ നീ എന്നതാണ് അവസ്ഥ. തലയിൽ കയറ്റി നടക്കുന്നവരൊക്കെ താഴെയിടാൻ ഒരുനിമിഷംമതി. അത് ഓർത്ത് ജീവിക്കണമെന്ന് പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്.