
കട്ടപ്പന: അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ഏകപാതയിലെ ജോണിക്കട പാലം അപകടാവസ്ഥയിലായി. നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിൽ, സന്ദർശകരുടെ തിരക്കേറുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്കും പതിവാണ്. ലോക്ക്ഡൗണിന് ശേഷം അഞ്ചുരുളിയിലേക്ക് സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകളാണ് കുടുംബസമേതം ഇവിടെയെത്തി സമയം ചെലവഴിക്കുന്നത്. അടുത്ത കാലത്തായി അഞ്ചുരുളിയെക്കുറിച്ച് ഇവിടെ വന്ന്പോയ ഒട്ടേറെ സഞ്ചാരികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വൻ പ്രചാരവും നൽകിയിട്ടുണ്ട്. അതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ അപകടാവസ്ഥയിലായ പാലം സുഗമമായ യാത്രയ്ക്ക് തടസം സൃഷ്ടിക്കുകയാണ്. വീതി കുറഞ്ഞ പാലത്തിലൂടെ രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. മുമ്പ് ടൂറിസ്റ്റ് ബസുകൾ അടക്കം പാലത്തിൽ കുരുങ്ങിയതോടെ നാട്ടുകാർ കൈവരികൾ പൊളിച്ചുമാറ്റി.
അവധി ദിവസങ്ങളിൽ അഞ്ചുരുളിയിൽ സന്ദർശകരുടെ വലിയ തിരക്കാണ്. വലിയ വാഹനങ്ങൾ ഇരുവശത്തുനിന്നും എത്തിയാൽ ഏറെനേരം ഗതാഗതം തടസപ്പെടുന്നു. പുതിയ പാലം നിർമിക്കാൻ ടൂറിസം വകുപ്പ് ഇടപെടണമെന്നാണ് ആവശ്യം.
ഉയരമില്ലാത്ത പാലം
അഞ്ചുരുളി തുരങ്ക നിർമാണം നടക്കുന്ന കാലത്താണ് കക്കാട്ടുക്കടയിൽ നിന്ന് പാലം ഉൾപ്പെടെയുള്ള റോഡ് കെ.എസ്.ഇ.ബി. ഇവിടേയ്ക്ക് നിർമിച്ചത്. പിന്നീട് ടണൽ മുഖത്തേക്കുള്ള പ്രധാനപാതയായി മാറി. വേണ്ടത്ര ഉയരമില്ലാത്തതിനാൽ കാലവർഷത്തിൽ തോട്ടിൽ ജലനിരപ്പുയരുന്നതോടെ പാലം വെള്ളത്തിനടിയിലാകും. കഴിഞ്ഞ പ്രളയങ്ങളിൽ തോട് കരകവിഞ്ഞതോടെ മറുകരയിലുള്ള കുടുംബങ്ങൾ ഒറ്റപ്പെട്ടിരുന്നു. തുടർന്നാണ് പുതിയ പാലം നിർമിക്കണമെന്ന് ആവശ്യമുയർന്നത്.