
മുന്നണികളുടെ പ്രകടന പത്രികകൾ കണ്ട് ജനങ്ങളുടെ കണ്ണു തള്ളുകയാണ്. ഇതു വല്ലതും നടക്കുമോ? അതോ ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ സ്വപ്നങ്ങൾ എന്ന ശ്രീനിവാസൻ സിനിമയിലെ ഡയലോഗ് പോലാകുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
600 വാഗ്ദാനങ്ങളായിരുന്നു അഞ്ചു വർഷം മുമ്പ് ഇടതു മുന്നണി പ്രകടനപത്രികയിലുണ്ടായിരുന്നത്. 570 ഉം നടപ്പാക്കിയെന്നാണ് അവകാശവാദം. ഇക്കുറി ഇടതു മുന്നണി വാഗ്ദാനം 800 ആക്കി ഉയർത്തി. അതിനെ കടത്തി വെട്ടുന്ന കലക്കൻ വാഗ്ദാനങ്ങളാണ് യു.ഡി.എഫ് പ്രകടന പത്രികയിലേത് . ഇനി എൻ.ഡി.എയ്ക്ക് പുതിയ വാഗ്ദാനങ്ങൾ കണ്ടെത്താൻ പ്രയാസപ്പെടേണ്ടി വരും.
ശബരിമല സ്ത്രീ പ്രവേശനം, സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ വിവാദങ്ങളെ സൗജന്യ കിറ്റും ക്ഷേമപെൻഷനും വഴി ഇടതു മുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ മറികടന്നതു കണ്ട് ലേലം വിളി പോലെ ഇടതു പ്രകടന പത്രികയിലെ തുകയിലും കൂട്ടി തട്ടിയിരിക്കുകയാണ് യു.ഡി.എഫ് പ്രകടന പത്രിക. ഇടതു ക്ഷേമപെൻഷൻ 2500 രൂപയെങ്കിൽ പിറ്റേന്നിറക്കിയ യു.ഡി.എഫ് പ്രകടന പത്രികയിൽ അത് 3000 ആയി. സൗജന്യ കിറ്റിലെ സാധനങ്ങളും യു.ഡി.എഫ് കൂട്ടി . റേഷൻ കാർഡുള്ള സമ്പന്നർക്ക് അഞ്ചു കിലോ സൗജന്യ റേഷൻ അരിയും യു.ഡി. എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി എൽ.ഡി.എഫ് പ്രഖ്യാപിച്ചിരുന്നു. 40നും 60നും ഇടയിലുള്ള വീട്ടമ്മമാർക്ക് 2000 രൂപയാണ് യു.ഡി.എഫ് വാഗ്ദാനം . ഫലത്തിൽ 60 കഴിഞ്ഞാൽ 3000 രൂപ ക്ഷേമ പെൻഷനും കിട്ടും.
വനിതകൾക്ക് നിയമസഭാ സീറ്റ് കൊടുക്കുന്നതിൽ ദാരിദ്ര്യം കാണിച്ച മുന്നണികൾ വനിതാ വോട്ടർമാരെ സ്വാധീനിക്കാൻ വാരിക്കോരി ക്ഷേമ പെൻഷൻ കൊടുക്കുന്നതിൽ മത്സരിക്കുകയാണ്. ഇതു വല്ലതും നടക്കുമോ എന്നു ചോദിക്കരുത് . പ്രകടന പത്രികയല്ലേ എല്ലാം വെറും പ്രകടനമായി കണ്ടാൽ മതി.
പ്രകടന പത്രിക തയ്യാറാക്കിയത് ഓരോ പാർട്ടിയിലെയും പുരുഷ സിങ്കങ്ങളാണെങ്കിലും പുരുഷൻമാർക്കായി ഒരു മുന്നണിയുടെ പ്രകടന പത്രികയിലും ഒരു ചുക്കുമില്ല . വിലകുറച്ച് മദ്യം നൽകുമെന്ന് മദ്യ നിരോധന സമിതിക്കാരെ പേടിക്കാതെ പ്രഖ്യാപിക്കാൻ പത്രിക തയ്യാറാക്കിയവർക്കാർക്കും ധൈര്യമില്ലെന്നാണ് സർക്കാരിനെ നിലനിറുത്തുന്ന കുടിയൻമാരുടെ പ്രധാന പരാതി .
ശബരിമലയിൽ കൈപൊള്ളിയ ഇടതു മുന്നണി അതേക്കുറിച്ച് കമാന്ന് മിണ്ടിയിട്ടില്ല. എന്നാൽ തങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമലക്കായി പ്രത്യേക നിയമനിർമ്മാണം നടത്തുമെന്നാണ് യു.ഡി.എഫ് പ്രഖ്യാപനം. സുപ്രീം കോടതി വിധിക്കെതിരെ നിയമ നിർമാണം നടത്താൻ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നൊന്നും ചോദിക്കരുത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതിനെതിരെ കേരളം മുഴുവൻ തല്ലുകൊണ്ടതും ചോരയൊഴുക്കിയതും ബി.ജെ.പിക്കാരായിരുന്നു . കരയ്ക്കിരുന്നു കാഴ്ച കാണുകയായിരുന്നു യു.ഡി.എഫുകാർ. നാമജപ ഘോഷയാത്രയിൽ പോലും പങ്കു കൊണ്ടില്ല. എന്നാൽ ശബരിമല വിവാദം ഉയർത്തി ലോക്സഭയിൽ ഇരുപതിൽ 19 സീറ്റും അടിച്ചെടുത്തു. ബി.ജെ.പിക്കാർ തല്ലു കൊണ്ടതും കേസിൽ കുടുങ്ങിയതും മാത്രം മിച്ചം. തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ക്ലച്ചു പിടിച്ചില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലും പൊക്കിക്കൊണ്ട് വന്നിരിക്കുകയാണ് യു.ഡി.എഫ്. ഇടതു മുന്നണി നേതാക്കളാകട്ടെ മാപ്പു പറഞ്ഞ് കെട്ടടങ്ങിയ വിഷയം വീണ്ടും ഉയർത്തി കുഴപ്പത്തിലാവുകയും ചെയ്തു.