sasikumar

കട്ടപ്പന: ഹൈറേഞ്ചിൽ കോൺഗ്രസിന്റെ നിറസാന്നിദ്ധ്യമായ കെ.പി.സി.സി. നിർവാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാറിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ പ്രവർത്തകരും സുഹൃത്തുക്കളും. ആറ് പതിറ്റാണ്ടിലധികം ജില്ലയിൽ കോൺഗ്രസിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന ശശികുമാർ രാഷ്ട്രീയത്തിനതീതമായി യുവജനങ്ങളടക്കം വലിയൊരു സുഹൃത്‌വലയത്തിനുടമയാണ്.
നിര്യാതനായ വിവരമറിഞ്ഞയുടൻ നേതാക്കളും പ്രവർത്തകരും വിവിധ മേഖലകളിലുള്ളവരുമടക്കം നൂറുകണക്കിനാളുകളാണ് വീട്ടിലേക്ക് എത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് കെ.എസ്.യുവിലൂടെ ശ്രീമന്ദിരം ശശികുമാറും രാഷ്ട്രീയ രംഗത്ത് ഹരിശ്രീ കുറിച്ചത്. അന്നുതുടങ്ങിയ സൗഹൃദം ഉമ്മൻ ചാണ്ടിയുമായി എക്കാലത്തും നിലനിന്നു.ആരോഗ്യനില വഷളായപ്പോൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയതും ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരമായിരുന്നു.
കെ.എസ്.യു. ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി.സി.സി. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബാലഗ്രാം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മാർക്കറ്റിംഗ് ഫെഡ് അംഗം എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു.
ബാലഗ്രാമിൽ നടന്ന അനുശോചന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം. ആഗസ്തി, എം.എൻ.ഗോപി, പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനൻ, വിജി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.