
കോട്ടയം : പരാതികൾ കേട്ടും കൂടെയുണ്ടാകുമെന്ന ഉറപ്പും നൽകി കോട്ടയം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. നാട്ടുകാരുടെ പ്രശ്നങ്ങൾ ഓരോന്നും ചോദിച്ചറിഞ്ഞ് അവരിൽ ഒരാളായി മാറുകയാണ് മിനർവ. വിജയപുരം പഞ്ചായത്തിലായിരുന്നു ഇന്നലത്തെ പര്യടനം. വെള്ളപ്പൊക്കം രൂക്ഷമായ മേഖലയായ കൊശമറ്റത്ത് കുടിവെള്ളപ്രശ്നമാണ് ആളുകൾ എടുത്തു പറഞ്ഞത്. സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ താമസിക്കുന്ന സ്ഥലത്ത് കെട്ടുറപ്പില്ലാത്ത വീടുകളും ശൗചാലയങ്ങളുടെ അപര്യാപ്തതയും വോട്ടർമാർ ചൂണ്ടിക്കാട്ടി. സഹോദരിയെപ്പോലെ എന്നും കൂടെയുണ്ടാകുമെന്ന ഉറപ്പ് മിനർവ നൽകി. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് ചെറിയമഠം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാർ, ജില്ല കമ്മിറ്റി അംഗം വിജയലക്ഷ്മി നാരായണൻ, രാജശ്രീ, കനകരാജ് തുടങ്ങിയവർ മിനർവയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് 171 ബൂത്തുകളിലെ ബൂത്ത് കമ്മിറ്റികളും പ്രവർത്തകരും മണ്ഡലത്തിലെ വീടുകളിലേക്ക് പ്രചാരണവുമായി എത്തുന്ന ഗൃഹസമ്പർക്ക പരിപാടി നടക്കും. ഒറ്റദിവസം കൊണ്ട് മണ്ഡലത്തിലെ എല്ലാ വീടുകളിലും പോയി അവിടെയുള്ളവരുമായി ആശയവിനിമയം നടത്താനും വോട്ട് അഭ്യർത്ഥിക്കുകയുമാണ് മുഖ്യ ലക്ഷ്യം.