kaduthuruthy

കോട്ടയം: കേരളാ കോൺഗ്രസിലെ ജോസ്- ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള മത്സരംകൊണ്ട് കൂടിയാണ് കടുത്തുരുത്തി ശ്രദ്ധേയമാകുന്നത്. ആദ്യം പരസ്പരം മത്സരിച്ചവർ പിന്നീട് കൂട്ടുകാരായി. വീണ്ടും തെറ്റിപ്പിരിഞ്ഞ് രണ്ട് പാളയത്തിൽ നിൽക്കുമ്പോൾ കടുത്തുരുത്തിയിലെ കരുത്തനെ അറിയാൻ കാത്തിരിക്കണം.

കർഷകരും പ്രവാസികളും വിശ്വാസികളും ഏറെയുള്ള മണ്ഡലമാണ് കടുത്തുരുത്തി. അതുകൊണ്ട് തന്നെ എല്ലാ വിഷയങ്ങളും ഇവിടെ പ്രചരണായുധങ്ങളാണ്. പരസ്പരം മൂന്നു തവണ മത്സരിച്ച മോൻസ് ജോസഫും സ്റ്റീഫൻ ജോർജും നേർക്കുനേർ പോരാടുകയാണ്. നില മെച്ചപ്പെടുത്തി സാന്നിദ്ധ്യമാകാൻ ബി.ജെ.പിയുടെ ലിജിൻ ലാലും കളത്തിലിറങ്ങിയിട്ടുണ്ട്.

കേരളാ കോൺഗ്രസുകൾക്ക് നിർണായക സ്വാധീനമാണ് കടുത്തുരുത്തിയിൽ. ജോസ് കെ.മാണിയുടെ ഇടതു പ്രവേശനത്തോടെ തെറ്റിപ്പിരിഞ്ഞവർ യു.ഡി.എഫിനായും എൽ.ഡി.എഫിനായും മത്സരിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിപക്ഷം നേടി മോൻസ് ജോസഫ് മണ്ഡലത്തിൽ തുടർ വിജയം ലക്ഷ്യമിടുമ്പോൾ മോൻസിന്റെ പടയോട്ടത്തിന് തടയിട്ട് പാർട്ടിയുടെ അഭിമാനം കാക്കുകയാണ് സ്റ്റീഫൻ ജോർജിന്റെ ചുമതല.

 തദ്ദേശ വിജയം കൊടുക്കുന്ന ആത്മവിശ്വാസം

ഭൂരിഭാഗം പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഡിവിഷനും കൈപ്പിടിയിലായതിന്റെ ആത്മവിശ്വാസമാണ് എൽ.ഡി.എഫിന്. 11ൽ ഒമ്പതും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. മുൻപ് ബാലികേറാമലയായിരുന്ന കടുത്തുരുത്തിയിലെ തദ്ദേശ സ്ഥാപനങ്ങൾ രണ്ടിലയുടെ തണലിൽ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു. കാണക്കാരി, മാഞ്ഞൂർ, കടുത്തുരുത്തി, കല്ലറ, ഞീഴൂർ, കടപ്ലാമറ്റം, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കിടങ്ങൂർ പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. കുറവിലങ്ങാട് നറുക്കെടുപ്പിലൂടെ യു.ഡി.എഫും ഉഴവൂരിൽ യു.ഡി.എഫ് പിന്തുണയിൽ ഒ.ഐ.ഒ.പിയും ഭരിക്കുന്നു.

 വികസനം തുണയ്ക്കുമോ
മന്ത്രിയായും എം.എൽ.എയായും മണ്ഡലത്തിൽ തിളങ്ങിയ മോൻസ് ജോസഫിന് വോട്ടർമാരുമായി വ്യക്തിബന്ധമുണ്ട്. കെ.എസ്.സി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് (ജെ) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചു. മണ്ഡലത്തിന്റെ യു.ഡി.എഫ്. സ്വഭാവം, കഴിഞ്ഞ നാളുകളിലെ വികസന പ്രവർത്തനങ്ങൾ എന്നിവയിലാണ് മോൻസിന്റെ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പു ഫലം, കേരളാ കോൺഗ്രസ് എമ്മിന്റെ ശക്തമായ സ്വാധീനം എന്നിവ വെല്ലുവിളിയാകും.

 സ്റ്റീഫൻ ചരിത്രം കുറിക്കുമോ
അദ്ധ്യാപകനായിരുന്ന സ്റ്റീഫൻ ജോർജ് കടുത്തുരുത്തിയിൽ നിന്ന് ഒരു തവണ നിയമസഭയിലെത്തി. പിന്നീട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. താൻ അന്ന് കൊണ്ടുവന്ന വികസനം മാത്രമേ ഇപ്പോഴും കടുത്തുരുത്തിയിൽ ഉള്ളൂവെന്നാണ് സ്റ്റീഫന്റെ വാദം. കെ.എസ്.സിയിലൂടെ രാഷ്ട്രീയത്തിലെത്തിയ സ്റ്റീഫൻ നിലവിൽ കേരളാ കോൺഗ്രസിന്റെ ഓഫീസിന്റെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് നേതാവാണ്. കേരളാ കോൺഗ്രസിന്റെ സ്വാധീനവും തദ്ദേശ തിരഞ്ഞെടുപ്പു ഫലവും പ്രതീക്ഷയാകുമ്പോൾ മോൻസ് ജോസഫിന്റെ വ്യക്തിപ്രഭാവത്തെ മറികടക്കുകയെന്നതാണ് പ്രധാന വെല്ലുവിളി.

 യുവത്വം തുണയ്ക്കുമോ

യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഭാരവാഹി, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എന്നീ പദവികളിൽ തിളങ്ങിയ ലിജിൻലാൽ കടുത്തുരുത്തി സ്വദേശികൂടിയാണ്. ഉന്നത വിദ്യാഭ്യാസവും വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിയും യുവത്വമെന്ന ഇമേജും ലിജിന് ഗുണകരമാകും. കേന്ദ്ര മന്ത്രിമാരും സംസ്ഥാന നേതാക്കളും ലിജിന് വേണ്ടി കടുത്തുരുത്തിയിൽ പ്രചാരണത്തിനെത്തും. എതിർ സ്ഥാനാർത്ഥികളുടെ അനുഭവ സമ്പത്തിനെ മറികടക്കുകയെന്നതാണ് പ്രധാന വെല്ലുവിളി.

 നിർണായകം

ക്രൈസ്തവ വിശ്വാസികൾ നിർണായകം. നായർ, ഈഴവ സമുദായങ്ങളും വിജയികളെ നിശ്ചയിക്കാൻ ശക്തർ.

 2016ൽ
മോൻസ് ജോസഫ് (യു.ഡി.എഫ്)- 73793
സ്‌കറിയ തോമസ് (എൽ.ഡി.എഫ്)- 31537
സ്റ്റീഫൻ ചാഴികാടൻ (എൻ.ഡി.എ) -17536

ഭൂരിപക്ഷം 42256