
കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റ് കേരളാകോൺഗ്രസിന് നൽകുകയും പകരം സീറ്റ് കിട്ടാതിരിക്കുകയും ചെയ്തതിന്റെ നിരാശയിൽ സ്ഥാനാർത്ഥിയെ 'വാരരുതെന്ന്' സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിർദേശം. ഡോ.എൻ.ജയരാജ് യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോൾ കാഞ്ഞിരപ്പള്ളിയിൽ സി.പി.ഐ നിരന്തരം സമരം നടത്തിയിരുന്നു. ജോസിന്റെ മുന്നണി മാറ്റത്തോടെ ഇടതുപക്ഷത്തെത്തിയ ജയരാജ് സ്ഥാനാർത്ഥിയാകുമ്പോൾ പഴയവിരോധം മറന്ന് എല്ലാ പിന്തുണയും നൽകണമെന്നാണ് നിർദേശം.
ജില്ലയിൽ സി.പി.ഐക്ക് ഏറ്റവും അധികം സംഘടനാ സംവിധാനമുള്ള കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് കാനം രാജേന്ദ്രനും വോട്ട്. കാനം അടക്കമുള്ളവർ ജയരാജിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഇക്കുറി കാഞ്ഞിരപ്പള്ളി തിരിച്ച് പിടിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ജോസിന്റെ ഇടതു മുന്നണി പ്രവേശനം. കാഞ്ഞിരപ്പള്ളി കേരളാകോൺഗ്രസിന് വിട്ടുനൽകരുതെന്ന് പ്രാദേശിക നേതൃത്വം പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒടുവിൽ വഴങ്ങേണ്ടി വന്നു. പകരം ജില്ലയിൽ സീറ്റ് ചോദിച്ചെങ്കിലും ലഭിച്ചതുമില്ല. ഇതുവരെ എതിർപ്രചാരണം നടത്തിയ ആൾക്കുവേണ്ടി ഇനിമുതൽ വോട്ടുചോദിച്ച് പോകുന്ന ' അവസ്ഥ' അണികൾ പങ്കുവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രവർത്തകർ നിരാശരാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാനത്തിന്റെ ഇടപെടൽ.