oommen-chandy
ഉടുമ്പൻചോലയിലെത്തിയ ഉമ്മൻ ചാണ്ടിയും യു.ഡി.എഫ്. സ്ഥാനാർത്ഥി ഇ.എം. ആഗസ്തിയും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

നെടുങ്കണ്ടം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഭൂപതിവ് ചട്ടങ്ങളിലെ കൃഷിവിരുദ്ധ ചട്ടങ്ങൾ 90 ദിവസത്തിനകം മാറ്റിയെഴുതുമെന്നും പട്ടയക്കാരന് പാട്ടക്കാരനാകേണ്ട ഗതികേട് ഉണ്ടാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ്. സ്ഥാനാർത്ഥി ഇ.എം. ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഉടുമ്പൻചോലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വീട്ടമ്മമാർക്ക് തലമൊട്ടയടിച്ച് നടക്കേണ്ട ഗതികേട് യു.ഡി.എഫ്. ഭരണകാലത്ത് ഉണ്ടാകില്ല. ജനാധ്യപത്യ അവകാശങ്ങൾ ധ്വംസിക്കപ്പെടാതെയുള്ള സൈ്വര്യജീവിതമാണ് ജനം ആഗ്രഹിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ നിയമങ്ങൾ കർശനമാക്കി ജനത്തെ ഇവിടെ നിന്നു ഇറക്കാൻ ശ്രമിക്കുന്നു. കുട്ടികളെ മിഠായി നൽകി പറ്റിക്കുന്നതുപോലെയാണ് ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിച്ചത്. ആദ്യം 5000 കോടിയും പിന്നെ 1000 കോടിയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ 12,000 കോടിയും പ്രഖ്യാപിച്ചു. എന്നാൽ ഒരുരൂപ പോലും ആർക്കും ലഭിച്ചില്ല.
ഇ.എം. ആഗസ്തി, ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എം.പി, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ എം.ജെ. കുര്യൻ, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി മാത്യു സ്റ്റീഫൻ, സി.എം.പി. ജില്ലാ സെക്രട്ടറി സുരേഷ് ബാബു, കെ.പി.സി.സി ഭാരവാഹികളായ എം.എൻ. ഗോപി, തോമസ് രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.