election

കോ​ട്ട​യം​:​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സിന് ആധിപത്യമുള്ള കടുത്തുരുത്തിയിൽ പ്രചാരണം ഹൈവോൾട്ടേജിൽ. കഴിഞ്ഞപ്രാവശ്യം മത്സരിച്ച് വിജയിച്ച മോൻസ് ജോസഫ് ഇക്കുറിയും യു.ഡി.എഫ് പാനലിലാണെങ്കിലും കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥി സ്റ്റീഫൻ ജോ‌ർജ് എൽ.ഡി.എഫിനൊപ്പമാണ്. ഇവിടെ ആര് വിജയക്കൊടി പാറിക്കുമെന്ന് പ്രവചിക്കുക വയ്യ. ജീവന്മരണ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇതിനോടകം മൂന്നും നാലും തവണ ഇരു സ്ഥാനാർത്ഥികളും മണ്ഡലത്തിലെ മുക്കിലും മൂലയിലുംവരെ എത്തിക്കഴിഞ്ഞു.

ലക്ഷ്യം മോൻസ് ജോസഫ്

പി.ജെ. ജോസഫിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ മോൻസ് ജോസഫിനെ തറപറ്റിക്കുകയെന്നത് ജോസ് കെ. മാണിയുടെ സ്വപ്നമാണ്. ചിഹ്നവും പാർട്ടിയും സ്വന്തം കൈപ്പിടിയിലായതോടെ വിജയം തങ്ങൾക്കുതന്നെയെന്നാണ് ജോസിന്റെ അടുപ്പക്കാരനായ സ്റ്റീഫൻ ജോർജിന്റെ അടിയുറച്ച വിശ്വാസം. കേരള കോൺഗ്രസ് എന്നും വിജയിച്ചുകയറിയിട്ടുള്ള കടുത്തുരുത്തിയിൽ ഇക്കുറി ഇടതുപക്ഷത്തിന്റെ വോട്ടും സ്റ്റീഫന്റെ പെട്ടിയിലാവും വീഴുക. ഇതാണ് വിജയം തങ്ങൾക്കുതന്നെയെന്ന് ജോസ് കെ. മാണിയും വ്യക്തമാക്കാൻ കാരണം.

എന്നാൽ, മണ്ഡലത്തിലെ ഓരോ വ്യക്തികളെയും പേരു ചൊല്ലി വിളിക്കാൻ സാധിക്കുന്ന മോൻസിന് പുതിയ രാഷ്ട്രീയ സമവാക്യം തിരിച്ചടിയാവില്ലെന്നാണ് ഉറച്ചവിശ്വാസം. കാരണം, സാധാരണക്കാർക്ക് ഏതു സമയത്തും അദ്ദേഹത്തെ നേരിൽ കാണാൻ സാധിക്കുമായിരുന്നു. ഓരോരുത്തരുടെയും പ്രശ്നങ്ങളിൽ ഇടപെടുന്ന മോൻസ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടുന്നത്.

ക്നാനായ സമുദായക്കാർ കൂടുതലുള്ള മണ്ഡലം

​മൂ​ന്നു​ ​ത​വ​ണ​ ​മ​ത്സ​രി​ച്ച് നിയമസഭയിലെത്തിയ ​മോ​ൻ​സ് ​ജോ​സ​ഫും​ ​സ്റ്റീ​ഫ​ൻ​ ​ജോ​ർ​ജും​ ​ഇവിടെ നേ​ർ​ക്കു​നേ​ർ​ ​പോ​രാ​ടു​മ്പോൾ ബി.ജെ.പിയുടെ ലി​ജി​ൻ​ലാ​ലും സജീവമായി രംഗത്തുണ്ട്.

ക്നാനായ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കടുത്തുരുത്തി. ഇവിടെ പ്രവാസികളും ഏറെയാണ്. കർഷകരും കർഷക തൊഴിലാളികളും കൂടുതലുള്ള മണ്ഡലം കൂടിയാണ് കടുത്തുരുത്തി.

മന്ത്രിയും എം.എൽ.എയുമായിരുന്ന മോൻസ് ജോസഫും സ്റ്റീഫൻ ജോർജും കെ.എസ്.സിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഒരു തവണ എം.എൽ.എ ആയിരുന്ന സ്റ്റീഫന്റെ അഞ്ചാം മത്സരമാണ് ഇത്.

കഴിഞ്ഞ തവണ 73,793 വോട്ടുകൾ മോൻസ് നേടിയപ്പോൾ കേരള കോൺഗ്രസിലെ സ്കറിയ തോമസിന് ഇതിൽ പകുതിപോലും നേടാനായില്ല. സ്കറിയ തോമസിന് ലഭിച്ചത് 31,537 വോട്ടുകൾ മാത്രമാണ്. എൻ.ഡ‌ി.എ യിലെ സ്റ്റീഫൻ ചാഴികാടൻ 17,536 വോട്ടുകളും നേടിയിരുന്നു.

11 പഞ്ചായത്തുകളിൽ ഒൻപതും ഇടതുമുന്നണിക്ക്

യുവത്വത്തിന്റെ പ്രതീകമായ ലിജിൻലാലിനെയാണ് എൻ.‌ഡി.എ പോർക്കളത്തിലിറക്കിയിട്ടുള്ളത്. ബി.ജെ.പി ക്ക് സ്വാധീനം ഏറെയുള്ള കടുത്തുരുത്തി മണ്ഡലത്തിൽ ഇക്കുറി കൂടുതൽ വോട്ടുകൾ നേടുമെന്നതിൽ തർക്കമില്ല. യുവമോർച്ച ജില്ലാ പ്രസിഡന്റായും ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്ന ലിജിൻലാൽ സംഘടനാ രംഗത്ത് സജീവമാണ്.

മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ ഒൻപതും ഇടതുമുന്നണിക്കൊപ്പമാണ്. കാണക്കാരി, മാഞ്ഞൂർ, കടുത്തുരുത്തി, കല്ലറ, ഞാഴൂർ, കടപ്ലാമറ്റം, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കിടങ്ങൂർപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭ മണ്ഡലം.

1,87,725 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 95,775 സ്ത്രീ വോട്ടർമാരും 91,949 പുരുഷവോട്ടർമാരും. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഒരു വോട്ടറുമുണ്ട് മണ്ഡലത്തിൽ.