pinarayi-vijayan

കോട്ടയം: മാദ്ധ്യമ സർവേകളിലെ മുന്നേറ്റം കണ്ട് ഇടതു മുന്നണി പ്രവർത്തകർ അലംഭാവം കാട്ടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'സർവേകൾ അഭിപ്രായ പ്രകടനം മാത്രമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണ്. അലംഭാവം കാട്ടാതെ ഗൗരവത്തോടെയുള്ള പ്രവർത്തനം വേണം. സർക്കാരിനെ എതിർക്കുന്ന മാദ്ധ്യമങ്ങൾക്കും എൽ.ഡി.എഫിന്റെ സ്വാധീനം കൂടുതൽ ജനങ്ങളിലെത്തിയെന്ന വസ്തുത തുറന്നുപറയേണ്ടിവരും.

മാദ്ധ്യമങ്ങൾക്ക് പണം കൊടുത്താണ് ഇടതുമുന്നണിക്ക് അനുകൂലമായി സർവേകൾ ഉണ്ടാക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന്, അദ്ദേഹത്തിന് അങ്ങനെ അനുഭവമുള്ളതുകൊണ്ടാവാം,എന്നായിരുന്നു മറുപടി.
ഇരട്ട വോട്ട് വ്യാപകമായെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി.

സർക്കാരിന്റെ ജനസമ്മതിയെ നേരിടാൻ ചില മാദ്ധ്യമങ്ങൾ നുണക്കഥകൾ മെനഞ്ഞു യു.ഡി.എഫ് ഘടകകക്ഷിയെപ്പോലെ പ്രവർത്തിക്കുന്നു.

കേരളത്തിലെ പല മണ്ഡലങ്ങളിലും യു.ഡി.എഫ് -ബി.ജെ.പി അവിശുദ്ധ അടിയൊഴുക്ക് നീക്കം വ്യക്തമാണ്. എൻ.ഡി.എക്ക് മൂന്നു സീറ്റുകളിൽ സ്ഥാനാർത്ഥിയില്ലാതെപോയത് ഗൗരവതരമായ സംശയം ഉയർത്തുന്നു. നേമത്ത് വോട്ടുകച്ചവടം നടത്തിയെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികൾ വ്യക്തമാക്കിക്കഴിഞ്ഞു.

എൻ.എസ്.എസിന്റെ പ്രസ്താവനകളും ലത്തീൻ സഭയുടെ ഇടയലേഖനവും ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, വ്യക്തികളുടെ സമീപനങ്ങൾ സഭയുടെയും സമുദായത്തിന്റെയും സമീപനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ശബരിമല വിഷയത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഇരട്ടത്താപ്പാണ്.

തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ശബരിമല ഉയർത്തിക്കൊണ്ട് വരികയാണ്. എല്ലാ ദേവസ്വം ബോർഡുകൾക്കും ശബരിമല അടക്കം പ്രമുഖ ക്ഷേത്രങ്ങൾക്കും യു.ഡി.എഫ് നൽകിയതിലും കൂടുതൽ സാമ്പത്തിക സഹായമാണ് ഇടതു സർക്കാർ നൽകിയതെന്ന് കണക്കുകൾ നിരത്തി മുഖ്യമന്ത്രി പറഞ്ഞു.