
ഉദയനാപുരം : വൈദ്യുതിടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ സാമഗ്രികളുമായി ഭാരവാഹനങ്ങൾ നിരന്തരമോടിയതിനെ തുടർന്ന് കലുങ്കും റോഡും തകർന്നത് അപകടഭീഷണി ഉയർത്തുന്നു. ഉദയനാപുരം - നേരേകടവ് ചെല്ലിത്തറ ഭാഗത്ത് പാമ്പിഴഞ്ഞാം തോടിന് കുറുകെയുള്ള കലുങ്കും, അരകിലോമീറ്ററോളം വരുന്ന കെ.ആർ.നാരായണൻ റോഡുമാണ് തകർന്നത്. കലുങ്കിന്റെ സമീപ റോഡിനിരുവശത്തുമുള്ള സംരക്ഷണഭിത്തിയടക്കം തകർന്നതോടെ യാത്രക്കാർ ആശങ്കയിലാണ്. ടവർ നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത എൽ.ആന്റ്.ടി കമ്പനി ടവർ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന റോഡ് തകർച്ചയടക്കം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. അറ്റകുറ്റപ്പണികൾ നടത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി വാർഡ് മെമ്പർ രാധാമണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്‌കറിയ കുറുപ്പന്തറ (ചെയർമാൻ), ഡി.ഷാജി (കൺവീനർ), അലക്‌സാണ്ടർ, കെ.എസ്.ബിജു, ഉത്തമൻ,സിനിമോൻ തുടങ്ങിയവർ ഭാരവാഹികളായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഗതാഗതം സുരക്ഷിതമാക്കണം
പാലത്തിന്റെ സ്ലാബ് ക്രയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയ ശേഷം പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കരിങ്കൽക്കെട്ട് പൊളിച്ചുമാറ്റി കോൺക്രീറ്റ് ചെയ്ത് അതിന് മീതെ സ്ലാബുറപ്പിച്ച് വശങ്ങൾ കരിങ്കൽ കെട്ടി ഗതാഗതം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് വാർഡംഗം രാധാമണി പറഞ്ഞു.
എളുപ്പമാർഗം
നേരേകടവിൽ നിന്ന് ശ്രീനാരായണപുരം, പനമ്പുകാട്, ഓർശ്ലേംസ്‌കൂൾ, ലിസ്യു ഇംഗ്ലീഷ് സ്‌കൂൾ, വൈക്കം വെസ്റ്റ് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ, വൈക്കം താലൂക്ക് ആയുർവേദ ആശുപത്രി, കോവിലകത്തുംകടവ് മത്സ്യമാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്ന എളുപ്പമാർഗമാണിത്.