ചീപ്പുങ്കൽ മാലിക്കായൽ നിവാസികൾ പറയുന്നു

കുമരകം: തിരഞ്ഞെടുപ്പുകൾ പലതും നടന്നു ,വാഗ്ദാനങ്ങളും ഒഴുകിയെത്തി,​ പക്ഷേ ചീപ്പുങ്കൽ മാലിക്കായൽ പ്രദേശത്ത് കുടിവെള്ളം മാത്രം എത്തിയില്ല. ടാപ്പു തുറന്നാൽ വെള്ലം ഇല്ലേയില്ല. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇതാണ് അവസ്ഥ. ചീപ്പുങ്കൽ പടിഞ്ഞാറു ഭാഗത്ത് വേമ്പനാട് കായലിനോട് ചേർന്നുള്ള മാലിക്കായൽ പ്രദേശത്തെ മൂന്ന് കുടുംബങ്ങളാണ് ഇപ്പോൾ കുടിവെള്ളത്തിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നത്. ജലവിതരണ വകുപ്പിന്റെയും, പഞ്ചായത്തിന്റെ തനത് പദ്ധതിയായ ജലനിധിയുടെയും കണക്ഷനുകളുള്ള ഉപഭോക്താക്കളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് കുമരകത്തോ വിരിപ്പുകാലയിലോ എത്തി ഏതെങ്കിലും പൊതുടാപ്പുകളിൽ നിന്നും വെള്ളം ശേഖരിച്ച് ആവശ്യങ്ങൾ നിറവേറ്റുകയാണ് ഈ കുടുംബങ്ങൾ. വിനോദ് മാലിക്കായൽ ,മണി മാമ്പറമ്പിൽ ,സജീവ് മാലിക്കായൽ എന്നീ വീട്ടുകാർക്ക് ഒന്നര വർഷം മുമ്പ് വരെ പൈപ്പിൽ നിന്ന് സുലഭമായി വെള്ളം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വെള്ളം ലഭിക്കാതെയായതോടെ പൈപ്പിൽ പല തവണ അറ്റകുറ്റപണികൾ നടത്തിയെങ്കിലും ഫലപ്രദമായില്ല.കായൽ തീരത്ത് പുല്ലും പോളയും വളർന്ന് പന്തലിച്ചതോടെ വെള്ളവുമായി വള്ളത്തിലും ഈ പ്രദേശത്ത് എത്താൻ സാധിക്കാതായി. ഇതോടൊപ്പം ചീപ്പുങ്കൽ പാലത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ മറ്റ് പല വീടുകളിലും മാസങ്ങളായി കുടിവെള്ളം എത്തുന്നില്ല. റോഡ് സൗകര്യമുള്ള വീട്ടുകാർ 500 ലിറ്റർ കുടിവെള്ലം 350 രൂപ നിരക്കിലാണ് വാങ്ങുന്നത്. അയ്മനം പഞ്ചായത്തിലെ ഇരുപതാം വാർഡായ ചീപ്പുങ്കൽ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി തുടരുമ്പോൾ കേവലം മുപ്പത് മീറ്റർ അകലെ പെണ്ണാറിന്റെ മറുകരയിലുള്ള ആർപ്പൂക്കര പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ശുദ്ധജലം സുഭിക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

ചുറ്റും വെള്ലം,​ എന്ത് പ്രയോജനം

വേമ്പനാട്ട് കായലിലെയും പെണ്ണാറിലെയും ജലം പോളചീഞ്ഞ് മലിനമായതോടെ പ്രദേശവാസികൾക്ക് ഇരട്ടിദുരിതമാണ്. കായലിലേയും തോട്ടിലേയും വെള്ലം കുളിക്കാൻ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ശുദ്ധജലക്ഷാമം പരിഹരിക്കാൻ ജലനിധി പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.