
വൈക്കം : വികസനത്തിന്റെ പുതുചരിത്രം രചിച്ച സർക്കാരാണ് കഴിഞ്ഞ അഞ്ചു വർഷം കേരളം ഭരിച്ചതെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ.ആശയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 ൽ സർക്കാർ അധികാരമേൽക്കുമ്പോൾ റോഡുകളും വിദ്യാലയങ്ങളും ആരോഗ്യരംഗവുമെല്ലാം പ്രതിസന്ധി നേരിടുകയായിരുന്നു. ഇപ്പോഴതല്ല സ്ഥിതി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 6.80 ലക്ഷം കുട്ടികളുടെ വർദ്ധനവാണ് പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിരിക്കുന്നത്. കൊവിഡിനെതിരെ ശരിയായ പ്രതിരോധം തീർക്കാൻ നമുക്ക് കഴിഞ്ഞു. ലോകത്ത് ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ആർദ്റം പദ്ധതിയിൽപ്പെടുത്തി സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വൻകുതിച്ചു ചാട്ടമാണുണ്ടായത്. സംസ്ഥാന ഖജനാവിന്റെ പരിമിതി മറികടക്കാനാണ് കിഫ്ബിയെ പുനഃസംഘടിപ്പിച്ചത്. ഇതുവഴി 63000 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. എന്നാൽ ഈ പദ്ധതികളെല്ലാം വ്യാജ പ്രചാരണം നടത്തി തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നിയമവിരുദ്ധമായി കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രവർത്തിച്ചാൽ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എൽ.ഡി.എഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺ വി ജോസഫ്, സ്ഥാനാർത്ഥി സി.കെ.ആശ, പി. സുഗതൻ, കെ.കെ.ഗണേശൻ, ആർ.സുശീലൻ, ടി.എൻ.രമേശൻ, കെ.അരുണൻ, കെ.ശെൽവരാജ്, എം.ഡി. ബാബുരാജ്, കെ.അജിത്ത് എന്നിവർ പ്രസംഗിച്ചു.