rahul

പാലാ: ഇന്ന് രാഹുൽഗാന്ധിയെ വരവേൽക്കാൻ പാലാ തയ്യാറെടുക്കുമ്പോൾ അഞ്ചു പതിറ്റാണ്ടു മുമ്പ് എത്തിയ മുത്തശ്ശിയുടെ ഒാർമ്മയിലാണ് പഴയ തലമുറ. അന്ന് ഇന്ദിരാഗാന്ധി പൊതുസമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. രാഹുൽ ഗാന്ധിയോട് മുമ്പ് ഇന്ദിര പാലായിൽ വന്നതിനെക്കുറിച്ച് മുതിർന്ന നേതാക്കൾ മുഖേന അറിയിച്ചിട്ടുമുണ്ട്.

യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകർന്ന് രാഹുൽഗാന്ധി ഇന്ന് ഉച്ചയ്ക്ക് പാലാ പുഴക്കര മൈതാനിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. കാഞ്ഞിരപ്പള്ളിയിൽ നിന്ന് പൈക വഴി റോഡ് ഷോ ആയാണ് രാഹുൽ വരുക.

ഒരു മണിക്ക് സമ്മേളനം ആരംഭിക്കും. ആദ്യം കലാപരിപാടികൾ അരങ്ങേറും. സമ്മേളനത്തിൽ പ്രൊഫ. സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും. സ്ഥാനാർത്ഥി മാണി സി. കാപ്പനു പുറമേ യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും.

രാഹുൽഗാന്ധി രണ്ടാം തവണയാണ് പാലായിൽ എത്തുന്നത്. കെ. എം. മാണിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ അദ്ദേഹം പാലായിൽ എത്തിയിരുന്നു. രാഷ്ട്രീയപ്രചാരണത്തിന് ആദ്യമായിട്ടാണ് എത്തുന്നതെന്ന് പറയാം. ഈ തിരഞ്ഞെടുപ്പിൽ പാലായിൽ എത്തുന്ന ആദ്യ ദേശീയ നേതാവും രാഹുലാണ്.