
പാലാ: അവസരവാദ രാഷ്ട്രീയം കളിക്കുന്ന വഞ്ചകനെ പാലാക്കാർ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രവർത്തകർ ഏറെ വിയർപ്പൊഴുക്കിയാണ് ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുത്തത്. സ്വന്തം പാർട്ടിയേയും ഇടതുമുന്നണിയേയും വഞ്ചിച്ച് അയാൾ കോൺഗ്രസിനൊപ്പം ചേർന്നിരിക്കുകയാണ്.- പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
എൽ.ഡി.എഫിന്റെ കൂട്ടായ്മയുടെ വിജയമാണ് പാലാ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായത്. സർക്കാരിന്റെ പ്രവർത്തന മികവ് ആ വിജയിയുടെ പിന്നാലെ യു.ഡി.എഫിലേക്ക് പോകുമെന്ന് കരുതരുത്. എല്ലാവരും കോൺഗ്രസിനെ കൈവിടുമ്പോഴാണ് ചിലർ യു.ഡി.എഫിൽ ചേർന്നിരിക്കുന്നത്.
എന്നാൽ കോൺഗ്രസ് കൂടാരം വിട്ട് മതനിരപേക്ഷതയ്ക്കും ജനാധിപത്യ സംരക്ഷണത്തിനുമായാണ് കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലേക്ക് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം നേതാവ് ലാലിച്ചൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, ജോസ് കെ. മാണി, സ്റ്റീഫൻ ജോർജ്, ബാബു കെ. ജോർജ്, ഫിലിപ്പ് കുഴികുളം തുടങ്ങിയവർ പ്രസംഗിച്ചു.